ത്രിപുരയില്‍ പിതാവ് പെണ്‍കുഞ്ഞിനെ വിഷംകൊടുത്ത് കൊലപ്പെടുത്തി. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് ഉദ്യോഗസ്ഥനായ രതീന്ദ്ര ദേബ്ബര്‍മയാണ് മകള്‍ സുഹാനിക്ക് വിഷം നല്‍കിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം.
ആണ്‍കുഞ്ഞ് വേണം എന്ന ആഗ്രഹം സാധിക്കാഞ്ഞതിനാലാണ് രതീന്ദ്ര ഇത്തരമൊരു കടുംകൈക്ക് മുതിര്‍ന്നതെന്ന് മിതാലി നല്‍കിയ പരാതിയില്‍ പറയുന്നു.
ത്രിപുരയിലെ ഖൊവായ് ജില്ലയിലുള്ള ബെഹലാബാരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പത്താം ബറ്റാലിയന്‍ ടിഎസ്ആര്‍ ഉദ്യോഗസ്ഥനായ രതീന്ദ്ര നിലവില്‍ എഡിസി ഖുമുല്‍വങ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ബിസ്‌ക്കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് കുഞ്ഞിനെ രതീന്ദ്ര വാങ്ങിക്കൊണ്ട് പോയതെന്നും, പിന്നാലെ കുഞ്ഞ് ഛര്‍ദിച്ച് ബോധം കെടുകയായിരുന്നു എന്നും മിതാലി പറയുന്നു.
കുഞ്ഞിനെ ആദ്യം ഖൊവായ് ജില്ലാ ആശുപത്രിയിലും പിന്നീട് സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയിലെ ജിബി ആശുപത്രിയിലേക്കും കൊണ്ടുപോയി, എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.