ഇമറാത്തി വിമാനം തകർത്തെന്ന് സുഡാൻ; പ്രതികരണവുമായി യുഎഇ

0
190

ദുബായ്: കൂലിപ്പട്ടാളക്കാരുമായി പോയ ഇമറാത്തി വിമാനം വെടിവച്ചിട്ടെന്ന സുഡാന്റെ അവകാശവാദം തള്ളി യുഎഇ. കൊളംബിയയിൽ നിന്നുള്ള പട്ടാളക്കാരുമായി സഞ്ചരിച്ച വിമാനം തകർത്തെന്നും 40 പേർ മരിച്ചെന്നുമാണ് സുഡാൻ സൈന്യം അറിയിച്ചത്.

കുറച്ചു നാളുകളായി സുഡാൻ തുടരുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ് വിമാനം തകർക്കൽ കഥയെന്നും യുഎഇ പ്രതികരിച്ചു.

സുഡാനിൽ ആഭ്യന്തര കലഹം നടക്കുന്ന ദർഫർ മേഖലയിലാണ് വിമാനം തകർത്തതെന്നാണ് അവകാശ വാദം. ഇതിനിടെ, സുഡാന്റെ വിമാനങ്ങൾക്ക് യുഎഇ വിമാനത്താവളങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതായി സുഡാൻ സിവിൽ ഏവിയേഷനെ ഉദ്ധരിച്ചു സുഡാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ യുഎഇയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

സുഡാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നു ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായാണ് യുഎഇക്കു നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ദ് യൂണിയൻ അസോസിയേഷൻ ഫോർ ഹ്യുമൻ റൈറ്റ്സ് വ്യക്തമാക്കി. സുഡാനിൽ വെടിനിർത്തൽ കൊണ്ടുവരാൻ പ്രാദേശികമായും രാജ്യാന്തര തലത്തിലും യുഎഇ സ്വീകരിക്കുന്ന നടപടികളെ മറന്നുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.

യുദ്ധക്കെടുതി അനുഭവിക്കുന്ന സുഡാനികൾക്കായി 1612 കോടി ദിർഹമാണ് യുഎഇ ഇതിനകം നൽകിയത്. കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങളാണ് സുഡാനിലെ ജനങ്ങൾ നേരിടുന്നതെന്നും അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് കുറ്റപ്പെടുത്തി.
….