സഊദിയിൽ ഇന്ത്യക്കാർ അടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ പിടികൂടി

0
223

ദമാം: രണ്ടു ഇന്ത്യൻ യുവാക്കളും രണ്ടു പാക്കിസ്ഥാനികളും ഒരു ബംഗ്ലാദേശുകാരനും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ അറസ്റ്റ് ചെയ്തു‌. ഇവരുടെ പക്കൽ നിന്ന് 32 കിലോ അതിമാരക രാസലഹരി പിടിച്ചെടുത്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

അഞ്ചംഗ മയക്കുമരുന്ന് വിതരണ സംഘത്തെ രഹസ്യമായി നിരീക്ഷിച്ച് പിന്തുടർന്ന് വ്യത്യസ്‌ത കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.

മയക്കുമരുന്ന് കടത്ത് വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യകളിൽ 911 നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും 995 എന്ന നമ്പറിൽ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നൽകുന്ന വിവരങ്ങൾ തീർത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും വിവരം നൽകുന്നവർ യാതൊരുവിധ ഉത്തരവാദിത്തവും വഹിക്കേണ്ടിവരില്ലെന്നും സുരക്ഷാ വകുപ്പുകൾ വ്യക്തമാക്കി.