തീവണ്ടിയിലെ കവർച്ചാശ്രമം; പ്രതിരോധിച്ച് വയോധിക, തള്ളിയിട്ട് മോഷ്ടാവ്

0
212

കോഴിക്കോട്: തീവണ്ടിയിൽ മോഷ്ടാവിന്റെ ബാഗ് കവർച്ച പ്രതിരോധിച്ച് 64-കാരി. രക്ഷയില്ലാതെ വന്നതോടെ ഇവരെ മോഷ്ടാവ് തീവണ്ടിയുടെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

ചണ്ഡീഗഢ്‌-കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1 സ്ളീപ്പർകോച്ചിൽ യാത്രചെയ്ത തൃശ്ശൂർ തലോർ സ്വദേശിനി വൈക്കാടൻവീട്ടിൽ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്.

എസ്-1 കോച്ചിന്റെ വാതിലിനോടുചേർന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട്‌ തീവണ്ടി നിർത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ വർഗീസ് ബാത്ത്റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ അമ്മിണി എഴുന്നേറ്റുനിന്ന് സാരി ശരിയാക്കുന്നതിനിടെ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാൻശ്രമിച്ചു. ഉടൻതന്നെ അമ്മിണി ബാഗിൽ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിട്ടു.

ഇവർ വീണതിനുപിന്നാലെ മോഷ്ടാവും ചാടി. സംഭവസമയത്ത് കോച്ചിലെ മറ്റുയാത്രക്കാർ ഉറക്കമായിരുന്നു. ശബ്ദംകേട്ട് ബാത്ത്റൂമിൽനിന്ന് പുറത്തേക്കുവന്ന സഹോദരൻ വർഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിൻവലിച്ച് തീവണ്ടി നിർത്തി. ചാടിയിറങ്ങിയ വർഗീസ് തീവണ്ടിവന്ന വഴി ഓടി. ഒപ്പം ചില യാത്രക്കാരും.

തലപൊട്ടി ചോരയൊലിച്ചുനിന്ന അമ്മിണിയെ തിരിച്ചുകയറ്റി യാത്ര തുടർന്നു. തിരൂരിൽ ഇറക്കിയ അമ്മിണിക്കൊപ്പം സഹോദരൻ വർഗീസും സഹയാത്രികൻ താനൂർ സ്വദേശി മുഹമ്മദ് ജനീഫും റെയിൽവേ പോലീസും ഒപ്പമിറങ്ങി. അമ്മിണിയെ ആംബുലൻസിൽ ആദ്യം തിരൂരിലെ ഒരു ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, തലയിലെ മുറിവിന് തുന്നലിട്ടു. ബന്ധുക്കളെത്തി വൈകീട്ടോടെ ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി.

മുംബൈയിൽ സഹോദരന്റെ വീട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമ്മിണിയും വർഗീസും. ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്ന ഒരാളാണ് മോഷണശ്രമം നടത്തിയതെന്ന് അമ്മിണി പോലീസിൽ മൊഴിനൽകി.