സംസ്ഥാനത്ത് വീണ്ടും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. ഈ അവസരത്തിലും ഒരു ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടില്ല. ജില്ലാ കലക്ടര്‍മാരുടെ പേജില്‍ മഴ അവധി ആവശ്യപ്പെട്ട് കമന്‍റിടുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
കലക്ടറെ ട്രോളുന്നതിനൊപ്പം വിഷയത്തിന്‍റെ ഗൗരവത്തോടെ രക്ഷിതാക്കളും കമന്‍റിടുന്നുണ്ട്. മഴയായതിനാല്‍ കുട്ടികളെ സ്കൂളിലേക്ക് വിടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ‘കനത്ത മഴയായതിനാല്‍ ഇന്ന് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നില്ല. വിദ്യാര്‍ഥികളുടെ സുരക്ഷ ഭരണസമിതികളുടെ ഉത്തരവാദിത്തമാണ്. അത് ഉചിതമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് എറണാകുളം ജില്ലാ കലക്ടറുടെ പേജില്‍ ഒരു രക്ഷിതാവിന്‍റെ കമന്‍റ്.
എറണാകുളം മൊത്തം കുളമാണ്. ഞാൻ എന്റെ മോനെ ഇന്ന് സ്കൂളിൽ വിട്ടില്ല. കുട്ടിയെ വെച്ച് റിസ്ക് എടുക്കാൻ ഒരു അമ്മയായ എനിക്ക് വയ്യ എന്നാണ് മറ്റൊരു കമന്‍റ്. റെഡ് അലര്‍ട്ടുള്ളതൃശൂര്‍, ഇടുക്കി ജില്ലാ കലക്ടര്‍മാരുടെ പേജിലും സ്ഥിതി സമാനം തന്നെ. സാർ അവസാനമായി ചോദിക്കട്ടെ ഇന്ന് അവധി തന്നുടെ എന്നാണ് ഒരു കമന്‍റ്. എന്‍റെ കലക്ടറെ എന്ത് മഴയാണ് തൊടുപുഴയിൽ അവധി വേണം.. കലക്ടർ ഈ ജില്ലയിലെ അല്ലെ ജീവിക്കുന്നത് എന്നാണ് ഒരു കമന്‍റ്.
കനത്ത മഴയില്‍ എറണാകുളത്ത് വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. പേട്ടയിലാണ് വെള്ളക്കെട്ട് രൂക്ഷം. പേട്ട–മരട് റോഡ് വെള്ളക്കെട്ടില്‍ മുങ്ങി. പേട്ടയില്‍ കാര്‍ കാനയില്‍ വീണു. തൃശൂരും പാലക്കാട്ടും കനത്തമഴ തുടരുകയാണ്. റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി. പാലക്കാട് അലനല്ലൂരില്‍ അതിശക്ത മഴയില്‍ അലനല്ലൂര്‍– എടത്തനാട്ടുകര കണ്ണംകുണ്ട് പാലത്തില്‍വെള്ളക്കെട്ടുണ്ടായി. കുന്തിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.