കൊച്ചി: സ്കൂൾ ക്ലാസ് മുറികളിൽനിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഈ സങ്കൽപം വിദ്യാർഥികളുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചാകും തുടർനടപടി. ക്ലാസ്സുമുറികൾ യു ഷേപ്പ് ആക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.