തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികള്‍ക്കും വോട്ടർ പട്ടികയിൽ പേരുചേർക്കാം, എങ്ങനെ, എവിടെ ചേർക്കാം; അറിയാം കൂടുതൽ വിവരങ്ങൾ   

0
191
  • വോട്ടർപട്ടികയിൽ പേരുചേർക്കാൻ പ്രവാസികൾ അപേക്ഷിക്കേണ്ടത് എങ്ങനെ?, വിശദമായി അറിയാം 

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതുക്കിയ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്കും പേരുചേർക്കാൻ അവസരം. വോട്ടര്‍പട്ടിക സമ്മറി റിവിഷനിലാണ് പേര് ഉൾപ്പെടുത്താൻ കഴിയുക. പ്രവാസി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിൻ്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.sec.kerala.gov.in വെബ് സൈറ്റിൽ ഉണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര്‌ ഉൾപ്പെടുത്താൻ ഇതുവരെ 2,54,028 അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായിരിക്കണം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ) അപേക്ഷ ഓൺലൈനായി നൽകണം. ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവടങ്ങളിൽ അതത് സെക്രട്ടറിമാരും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.

നിലവിൽ ജനുവരി 1ന് 18 വയസ് പൂർത്തിയായവർക്ക് മാത്രമാണ് ഈ മാസം 21 വരെ പേര് ചേർക്കാൻ അവസരം അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം നൽകാറുണ്ടെങ്കിലും ജനുവരി 1 മാനദണ്ഡമാക്കിയാൽ വലിയൊരു വിഭാഗം പേർക്ക് വോട്ടവകാശം നഷ്ടപ്പെടും. 17 വയസ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ അവസരം നൽകിയിട്ടുണ്ടെന്നിരിക്കെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് ഈ നിബന്ധന വരുന്നത്. ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കും. വാർഡ് വിഭജനം പൂർത്തിയായ സാഹചര്യത്തിൽ, പുതിയ വാർഡുകളുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടർ പട്ടിക പുതുക്കുക. നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്ന ആശയം മുമ്പ് പരിഗണിച്ചിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഇത് ഉപേക്ഷിച്ച്, തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രത്യേകം വോട്ടർ പട്ടിക തയ്യാറാക്കുകയാണ്.

വോട്ടർപട്ടികയിൽ പേരുചേർക്കാൻ പ്രവാസികൾ അപേക്ഷിക്കേണ്ടത് എങ്ങനെ?

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ www.sec.kerala.gov.in വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി citizen registration നടത്തണം. ‘Pravasi Addition’ കോളം ക്ലിക് ചെയ്ത് ലോഗിന്‍ ചെയ്യുക. തുടർന്ന് അപേക്ഷകൻ്റെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നല്‍കി എല്ലാ കോളങ്ങളും പൂരിപ്പിക്കണം.

  • 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
  • വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിൻ്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ ഭാരതപൗരനായിരിക്കണം.
  • ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പ് രേഖപ്പെടുത്തി നിലവിലുള്ള പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ സാധാരണ താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇആര്‍ഒയ്ക്ക് നേരിട്ടോ , രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.

ഉള്‍പ്പെടുത്തേണ്ട രേഖകള്‍

  • സമീപകാലത്ത് എടുത്ത പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ(3.5 സെ.മീ x സെ.മീ x 4.5 സെ.മീ വലിപ്പത്തിലുള്ളത്.
  • ഫോട്ടോ ഓണ്‍ലൈനായി അപ്‍ലോഡ് ചെയ്യാത്തവര്‍, കഴിവതും വെള്ള പശ്ചാത്തലത്തില്‍ അപേക്ഷകൻ്റെ മുഖം വ്യക്തമായി കാണത്തക്കവിധം ഉള്ള ഫോട്ടോ അപേക്ഷയുടെ നിശ്ചിതസ്ഥാനത്ത് പതിക്കണം.
  • അപേക്ഷയുടെ പ്രിന്റൗട്ട് തപാല്‍ മുഖേന അയക്കുകയാണെങ്കില്‍, അപേക്ഷകൻ്റെ വിസ മുദ്രണം ചെയ്തതുള്‍പ്പെടെയുള്ളതും, പാസ്‌പോര്‍ട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
  • അപേക്ഷ നേരിട്ട് ഇആര്‍ഒയ്ക്ക് സമര്‍പ്പിക്കുകയാണെങ്കില്‍ പാസ്‌പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളുടെ ശരിപകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നതോടൊപ്പം, അസ്സല്‍ പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഹാജരാക്കേണ്ടതും പരിശോധന കഴിഞ്ഞ് തിരികെ വാങ്ങേണ്ടതുമാണ്.