നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണം; വീണ്ടും ഗവർണറെ കണ്ട് ചാണ്ടി ഉമ്മൻ

0
150

തിരുവനന്തപുരം: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് ചാണ്ടി ഉമ്മൻ എംഎൽഎ. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു ഇരുവരുടെയും കൂടികാഴ്ച.

പ്രവാസി വ്യവസായിയായ സാജൻ ലത്തീഫിനൊപ്പമാണ് ചാണ്ടി ഉമ്മൻ ​ഗവർണറെ കാണാനെത്തിയത്. നേരത്തെയും ചാണ്ടി ഉമ്മൻ നിമിഷ പ്രിയയുടെ മോചനത്തിനായി ഗവർണറെ കണ്ടിരുന്നു. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗവർണർ കേന്ദ്രസർക്കാർ പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

അതേ സമയം, നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രം​ഗത്തെത്തി. നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കി നീതി നടപ്പാക്കണം.

ഇനി ഒരു ചര്‍ച്ചയ്ക്കില്ല. വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്നും ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇയാള്‍ പ്രോസിക്യൂഷന് കത്ത് നല്‍കുകയും ചെയ്തു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി കത്ത് നല്‍കുന്നത്.

‌നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയ നടപടിക്ക് പിന്നാലെ തുടര്‍ച്ചയായി പ്രതികരിച്ച് അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇയാളുടെ പ്രതികരണങ്ങളെല്ലാം. ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അബ്ദുല്‍ ഫത്താഹ് പ്രതികരിച്ചിരുന്നു. അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് നിഷേധിച്ചും അബ്ദുല്‍ ഫത്താഹ് രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നായിരുന്നു പ്രതികരണം.
….