രണ്ടുവയസുകാരിയെ ബസിലെ ലഗേജ് കംപാര്‍ട്ട്മെന്‍റില്‍ സ്യൂട്ട് കേസിനുള്ളില്‍ വെച്ച് യാത്ര ചെയ്ത് യുവതി. കുട്ടിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്തതിന് ന്യൂസിലാന്‍ഡിലാണ് യുവതി പൊലീസിന്‍റെ പിടിയിലായത്.
ന്യൂസിലാൻഡിലെ നോർത്ത്‌ലാൻഡ് റീജിയൻ പട്ടണമായ കൈവകയിലെ ഒരു ഷെഡ്യൂൾ സ്റ്റോപ്പിൽ വച്ചാണ് ലഗേജ് കമ്പാർട്ട്‌മെന്‍റിന്‍റെ സ്യൂട്ട്‌കേസിൽ രണ്ട് വയസുള്ള പെണ്‍കുട്ടിയെ ബസ് ഡ്രൈവർ കണ്ടെത്തിയത്.
ബാഗ് അസ്വാഭാവികമായി നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഭയപ്പെട്ട ഡ്രൈവർ സ്യൂട്ട്കേസ് തുറന്നുനോക്കിയപ്പോഴാണ് അതിനകത്ത് കുഞ്ഞിനെ കണ്ടെത്തിയതെന്ന് ന്യൂസിലൻഡ് പോലീസ് ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ സൈമൺ ഹാരിസൺ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.
വിശദമായ മെഡിക്കൽ പരിശോധനകള്‍ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്യൂട്ട്കേസിനകത്ത് വലിയ ചൂട് ആയിരുന്നു എന്നതിനപ്പുറം കുട്ടിക്ക് കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ കുട്ടികളോടുള്ള മോശം പെരുമാറ്റത്തിനും അവഗണനയ്ക്കും യുവതിക്കെതിരെ കുറ്റം ചുമത്തും. അതേസമയം രണ്ട് വയസ്സുള്ള കുഞ്ഞിനെ എന്തിനാണ് സ്യൂട്ട്കേസിൽ കൊണ്ടുപോയത് എന്നത് വ്യക്തമായിട്ടില്ല.
