ചേർത്തലയിൽ പ്രവർത്തിച്ചിരുന്ന വിജയ ബാങ്ക് ശാഖയിൽ നിന്ന് 31ലക്ഷം തട്ടിയ കേസില്‍ ബാങ്ക് മാനേജര്‍ക്ക് നാലുവർഷം തടവ് വിധിച്ച് കോടതി. 2007ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രേഖകളിൽ കൃത്രിമം കാട്ടി 31ലക്ഷം തട്ടിയ മാനേജർ ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ഹസീന ഭവനിൽ കെ. ഹസീനയെയാണ് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ഷെറിൻ കെ. ജോർജ് ശിക്ഷിച്ചത്.
ബാങ്കിൽ നിന്ന് തട്ടിയെടുത്ത 31ലക്ഷം രൂപയും ഇതിന്റെ പിഴപ്പലിശയും അടക്കം തിരിച്ചടക്കണമെന്നും ഉത്തരവിലുണ്ട്. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിച്ചിരുന്ന ശാഖയിലാണ് തട്ടിപ്പ് നടന്നത്.
ഇവിടെ സ്ഥിരനിക്ഷേപം ഇട്ടിരുന്നയാളുടെ രണ്ടര ലക്ഷം രൂപ, അസിസ്റ്റന്റ് മാനേജർ ആയിരുന്ന ചിന്ന എന്നയാളുടെ പാസ് വേഡ് ഉപയോഗിച്ച് വ്യാജരേഖകളുടെ സഹായത്തോടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ഹസീന മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ വിവിധ അക്കൗണ്ടുകളിലെ പണം ഹസീന മാറ്റിയെന്ന് കണ്ടെത്തിയത്. 39 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്.
