സല്യൂട്ട് ചതിച്ചു; എസ്‌ഐ’യെ പൊക്കി പോലീസ്

0
207

ആലപ്പുഴ: എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ റെയില്‍വേ പോലീസുകാര്‍ പുലര്‍ച്ചെ പതിവു പരിശോധന നടത്തുകയായിരുന്നു. ഒരു കോച്ചിലെത്തിയപ്പോള്‍ യൂണിഫോമില്‍ ഒരു സബ്ഇന്‍സ്‌പെക്ടര്‍ അമര്‍ന്നിരിക്കുന്നു. പോലീസുകാര്‍ അമര്‍ത്തിച്ചവിട്ടി കൊടുത്തു ഒരു സല്യൂട്ട്. തിരിച്ചും കിട്ടി സല്യൂട്ട് എങ്കിലും അതിലൊരു വശപ്പിശക്. പോലീസുകാര്‍ പരസ്പരം നോക്കി.

എസ്‌ഐയുടെ ചുമലിലെ നക്ഷത്രവും നെയിംപ്ലേറ്റും എല്ലാം യൂണിഫോമിലുണ്ട്. തൊപ്പിയുമുണ്ട്. പുലര്‍ച്ചെ യൂണിഫോമിട്ട് ഇദ്ദേഹം എങ്ങോട്ടു പോകുന്നു. സംശയം തീര്‍ക്കാനായി ‘സാറിനോടു’ സംസാരിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായതും മുപ്പതുകാരന്‍ പിടിയിലായതും.

യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥനാകുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു നെടുമങ്ങാട് പാനാവൂര്‍ സ്വദേശിയുടേത്. എഴുതിയ പരീക്ഷകളെല്ലാം അദ്ദേഹത്തെ തോല്‍പ്പിച്ചു മുന്നേറിയപ്പോള്‍ പരീക്ഷയെഴുതാവുന്ന പ്രായം കടന്നുപോയി. ജീവിതാഭിലാഷം സാധിക്കാനായി സ്വന്തമായി തയ്പിച്ച യൂണിഫോം ധരിച്ച് കന്നിയാത്രയ്ക്ക് ഇറങ്ങിയതായിരുന്നു. ‘കീഴുദ്യോഗസ്ഥര്‍’ പൂട്ടിക്കളയുമെന്നു കരുതിയതേയില്ല.

ശനിയാഴ്ച പുലര്‍ച്ചെയാണു സംഭവം. കായംകുളം സ്റ്റേഷന്‍ വിട്ടപ്പോഴാണ് എസ്‌ഐയെ കാണുന്നതും ചോദ്യംചെയ്യുന്നതും. ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്‌ഐയാണെന്നും തൃശ്ശൂരിലേക്കു പോകുകയാണെന്നുമാണ് ആദ്യം പറഞ്ഞത്. യൂണിഫോമിലെ പേരു നോക്കി പോലീസുകാര്‍ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ അങ്ങനെയൊരാളേയില്ലെന്നു മനസ്സിലായി. വണ്ടി അപ്പോള്‍ ആലപ്പുഴയിലെത്തിയിരുന്നു. ‘എസ്‌ഐ’യെ ഇറക്കി നേരേ ആലപ്പുഴ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തിച്ചു.

തുടര്‍ന്ന്, യഥാര്‍ഥ എസ്‌ഐ കെ. ബിജോയ് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തപ്പോഴാണ് എസ്‌ഐ മോഹം പുറത്തുവന്നത്. വഴികളെല്ലാം അടഞ്ഞപ്പോഴാണ് ആഗ്രഹം സാധിക്കാനായി അറ്റകൈക്ക് യൂണിഫോം തയ്പിച്ചത്. ഇതു ധരിച്ച് വീട്ടിലെ മുറിയില്‍ ‘പരേഡും വെടിവെപ്പും’ നടത്തുമായിരുന്നു. ആദ്യമായാണ് യൂണിഫോം ധരിച്ച് പുറത്തിറങ്ങിയത്.