ബസ് തട്ടി റോഡില്‍ വീണ യുവാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് പോയി. അരൂര്‍ പഞ്ചായത്തിന് മുന്നില്‍ ഇന്നലെയാണ് നിറയെ യാത്രക്കാരുമായെത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസ് ജീവനക്കാര്‍ ഉപേക്ഷിച്ചത്. റോഡില്‍ വീണ യുവാവ് പിന്നാലെയെത്തി ബസ് തടയുകയായിരുന്നു. തര്‍ക്കം മൂത്തതോടെ ആളുകൂടി. തുടര്‍ന്നാണ് ജീവനക്കാര്‍ ബസില്‍ നിന്നിറങ്ങി ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് പോയത്.
തന്നെ തട്ടിയിട്ട കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് ബൈക്ക് യാത്രക്കാരന്‍ സനൂപ് മനോരമ ന്യൂസിനോട് പറഞ്ഞു. അരൂരില്‍ വച്ച് തടഞ്ഞപ്പോള്‍ ബസ് ഡ്രൈവര്‍ വെല്ലുവിളിച്ചു. ബസിലെ ഡ്രൈവര്‍ തന്‍റെ ദേഹത്ത് ചെളി തെറിപ്പിച്ചതായും അത് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും യുവാവ് പറയുന്നു. ‘നിനക്ക് പണി തരാടാ’ എന്നു പറഞ്ഞ് ഡ്രൈവര്‍ ഇറങ്ങിപ്പോയതായും സനൂപ് പറയുന്നു.
ശേഷം ബസില്‍ യാത്രക്കാരിരിക്കവേ കണ്ടക്ടറും ഡ്രൈവറും ബസ് നടുറോഡിലിട്ട് ഇറങ്ങിപ്പോകുകയായിരുന്നു. ഇത് സ്ഥലത്ത് ഗതാഗത തടസം ഉണ്ടാക്കിയതായും യുവാവ് ആരോപിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ബസ് മാറ്റാന്‍ വഴിയില്ലായിരുന്നു. ഒടുവില്‍ ഒരു സ്വകാര്യ ബസിലെ ഡ്രൈവറുടെ സഹായത്തോടെയാണ് ബസ് മാറ്റി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്. ബസ് ഇടതുവശത്തുകൂടിയാണ് കയറി വന്നതെന്നും താന്‍ ബസിന്‍റെ അടിയില്‍പ്പെടേണ്ടതായിരുന്നുവെന്നും യുവാവ് പറയുന്നുണ്ട്. ദൃശ്യം ഗതാഗതമന്ത്രിക്ക് അയച്ചെന്നും സനൂപ് പറഞ്ഞു.
