28 ദിവസം ഒളിത്താവളത്തിൽ; യുവതിയുടെ വിവരം ലഭിക്കാതെ ആശങ്കയിൽ കുടുംബം, ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്

0
234

മസ്‌കത്ത്: ഒമാനിലെ നിസ്‌വയിൽ നടന്ന ഇന്ത്യൻ എംബസിയുടെ കോൺസുലർ ക്യാംപിൽ ഇൻകാസ് നിസ്‌വ റീജനൽ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത് സംഘത്തിൽനിന്ന് യുവതിക്ക് മോചനം. ദുബായിൽ ജോലി വാഗ്ദാനംചെയ്ത് കൊണ്ടുപോയ ശേഷം ഏജന്റ് ഒമാനിലേക്ക് കടത്തിക്കൊണ്ടുവന്ന യുവതിയെയാണ് ഇൻകാസ് പ്രവർത്തകരുടെ ഇടപെടൽമൂലം രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ 28 ദിവസമായി യുവതിയെക്കുറിച്ച് വിവരം ലഭിക്കാത്തെ വന്നതോടെ കുടുംബം അവസാനമായി ലഭിച്ച ലൊക്കേഷൻ വിവരങ്ങൾ ഇൻകാസ് നിസ്‌വ പ്രവർത്തകർക്ക് കൈമാറി.

ഈ വിവരങ്ങൾവെച്ച് യുവതിയെ താമസിപ്പിച്ചിരുന്ന ഒളിത്താവളം കണ്ടെത്തി ജൂലൈ 26ന് നിസ്‌വയിൽ നടന്ന കോൺസുലർ ക്യാംപിൽ ഇന്ത്യൻ അംബാസഡർക്ക് പരാതി നൽകി. അംബാസഡർ ഉടൻതന്നെ വിഷയത്തിൽ ഇടപെടാമെന്ന് ഉറപ്പുനൽകുകയും 24 മണിക്കൂറിനുള്ളിൽ യുവതിയെ രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

യുവതിയെ അനുഗമിച്ച് ഒമാനിലെ വിമാനത്താവളത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത് ഇൻകാസ് നിസ്‌വ കമ്മിറ്റി ഭാരവാഹികളായ വർഗീസ് സേവ്യർ, പ്രകാശ് ജോൺ, സൈജു സെബാസ്റ്റ്യൻ എന്നിവരാണ്. നാട്ടിലുള്ള യുവതിയെയും കുടുംബത്തെയും സന്ദർശിച്ച് ഇൻകാസ് നിസ്‌വ പ്രസിഡന്റ് സതീഷ് നൂറനാട് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.

ഇന്ത്യൻ എംബസിയിലെ ജി.വി. ശ്രീനിവാസ് ചുമതലയേറ്റ ശേഷം വിദൂര സ്ഥലങ്ങളിൽ കോൺസുലർ ക്യാംപുകൾ സജീവമായി നടക്കുന്നത് പ്രവാസികൾക്ക് ഏറെ സഹായകമാകുന്നുണ്ട്. പ്രവാസി സംഘടനകളുടെയും കോൺസുലർ ഏജന്റുമാരുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇത്തരം ക്യാംപുകൾ പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും എളുപ്പത്തിൽ സഹായം തേടാനും അവസരം നൽകുന്നു.

Photo: കടപ്പാട് മനോരമ ഓൺലൈൻ