യുവതിയെ ജോലിക്കുനിന്ന വീട്ടിൽവെച്ച് കുത്തിക്കൊന്നു;ഭർത്താവ് പിടിയിൽ

0
208

അഞ്ചാലുംമൂട് (കൊല്ലം): പനയം താന്നിക്കമുക്കിൽ യുവതിയെ ജോലിക്കുനിന്ന വീട്ടിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു. കാസർകോട് ബന്തടുക്ക സ്വദേശിനി രതി(36) യാണ് മരിച്ചത്. ഭർത്താവ് കല്ലുവാതുക്കൽ ജിഷാഭവനിൽ ജിനുവിനെ പോലീസ് പിടികൂടി.

അഞ്ചുമാസമായി താന്നിക്കമുക്കിലുള്ള ഷാനവാസ് മൻസിലിൽ ജോലിക്കുനിൽക്കുകയായിരുന്നു രതി. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ മതിൽ ചാടിയെത്തിയ ജിനു, രതിയെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട യുവതി മുറ്റത്ത് കുഴഞ്ഞുവീണു. വീട്ടുകാരും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ജിനുവും രതിയും പിണങ്ങിക്കഴിയുകയായിരുന്നു. ഭരണിക്കാവിലെ സ്ഥാപനത്തിൽ ജീവനക്കാരനായ ജിനു രാത്രി ബൈക്കിലാണ് ഭാര്യ ജോലിക്കുനിൽക്കുന്ന താന്നിക്കമുക്ക് ജങ്ഷനിലുള്ള വീടിനു മുന്നിലെത്തിയത്. കുത്തിയശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇയാളെ 11 മണിയോടെ ശൂരനാട്ടുനിന്നാണ് പോലീസ് പിടികൂടിയത്.