ജന്മദിനാഘോഷത്തിന്‍റെ പേരില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി സുഹൃത്ത് ബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി

0
186

ഹൈദരാബാദ്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് ജന്മദിനാഘോഷത്തിന്‍റെ പേരില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തെന്ന പരാതിയുമായി ഐടി ജീവനക്കാരി. മണികൊണ്ടയില്‍ നിന്നുള്ള 25 കാരിയായ ഐടി ഉദ്യോഗസ്ഥയാണ് 24 കാരനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി നൽകിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത ബാലനഗര്‍ പൊലീസ് പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. അറസ്റ്റിനു ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബാലാനഗറിൽ താമസക്കാരനായ നൽഗൊണ്ട സ്വദേശി ജെ. സിദ്ധ റെഡ്ഡി (24) ഒരു മാസം മുന്‍പാണ് യുവതിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. ഫോണ്‍കോളുകളിലൂടെയും ചാറ്റുകളിലൂടെയും സൗഹൃദം സ്ഥാപിച്ചശേഷം ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. നഗരത്തിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിൽ ജീവനക്കാരനാണ് പ്രതി. 

വൈകുന്നേരത്തോടെ യുവതി റെഡ്ഡിയുടെ വീട്ടിലെത്തി. ഇരുവരും ആഘോഷത്തിന്‍റെ ഭാഗമായി ബിയർ കഴിച്ചു. തുടർന്ന് പ്രതി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഓടി രക്ഷപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.