തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ ഓവര്‍സിയറെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തു. തേവലക്കര ഡിവിഷനിലെ ഓവര്‍സിയറായ എസ്.ബിജുവിനെതിരെയാണ് നടപടി. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ വൈദ്യുതി മന്ത്രിക്ക് ആദ്യം കൊടുത്ത റിപ്പോര്‍ട്ടില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഓവര്‍സിയര്‍ക്കെതിരെ നടപടി എടുത്തത്.
സ്കൂൾ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറുമ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. രാവിലെ ക്ലാസ് തുടങ്ങുന്നതിനുമുൻപ് ഒൻപതേകാലോടെയായിരുന്നു സംഭവം.
കളിച്ചുകൊണ്ടിരിക്കെ ക്ലാസ് മുറിയോടു ചേർന്നുള്ള സൈക്കിൾ ഷെഡിനു മുകളിലേക്കു സഹപാഠിയുടെ ചെരിപ്പ് തെറിച്ചുപോയി. ഇതെടുക്കാൻ ക്ലാസിൽനിന്നു ഭിത്തിയുടെ മുകളിൽ മറ പൊളിഞ്ഞുകിടന്ന ഭാഗത്തുകൂടി മിഥുൻ ഷെഡിനു മുകളിലേക്കിറങ്ങി. ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാലുതെന്നിയപ്പോൾ വീഴാതിരിക്കാൻ പിടിച്ചത് താഴ്ന്നുകിടന്ന 440 വോൾട്ട് വൈദ്യുതി ലൈനിലായിരുന്നു. ഷോക്കേറ്റു ബോധം നഷ്ടമായി ഇതേ ലൈനിലേക്കു കമഴ്ന്നുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
