പതിനാറുകാരനെ ജിം ട്രെയിനറും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ചവിട്ടി വീഴ്ത്തിയുള്ള ആക്രമണത്തില്‍ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരുക്കേറ്റ ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കൂടി പങ്കാളിത്തമുള്ള ജിമ്മില്‍ വിദ്യാര്‍ഥിയെ ആക്രമിച്ചവരെ നിസാര വകുപ്പ് ചുമത്തി വിട്ടയച്ചെന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം.
കുട്ടികളായതിനാല്‍ അധികഭാരം ഉപയോഗിച്ചുള്ള പരിശീലനം വേണ്ടെന്ന നിര്‍ദേശം കൂട്ടുകാരനോട് പതിനാറുകാരന്‍ പറഞ്ഞതാണ് ട്രെയിനറുടെ മകനെ ചൊടിപ്പിച്ചത്. ജിമ്മിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചതില്‍ വ്യക്തത തേടിയെത്തിയ വിദ്യാര്‍ഥിയെ ട്രെയിനറും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ പൊലീസ് നിസാര വകുപ്പ് ചുമത്തി ട്രെയിനറെ വിട്ടയച്ചു. ഇതിന് പൊലീസ് സ്വാധീനം ഉപയോഗിച്ചെന്നാണ് ആക്ഷേപം. ഈമാസം ഇരുപത്തി ഒന്നിനുണ്ടായ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ വിദ്യാര്‍ഥി അപകടനില തരണം ചെയ്തിട്ടില്ല. കണ്ണിന്‍റെ കാഴ്ചക്കുറവും, കഴുത്തിനേറ്റ ക്ഷതവും പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. മുന്‍ പൊലീസ് ഉദ്യോഗസ്ഥന് പങ്കാളിത്തമുള്ള ജിമ്മിലാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് സമ്മതിക്കുന്നുണ്ടെങ്കിലും അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നാണ് പൊലീസ് വാദം. ജിം നടത്തിപ്പുകാര്‍ ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല.
