ഓപ്പറേഷൻ സിന്ദൂർ ചർച്ച: ട്രംപ് പറഞ്ഞത് കള്ളമെന്ന് പറയാൻ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുൽ

0
192

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ സൈന്യത്തെ ഉപയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 30 മിനിറ്റിനുള്ളിലെ കീഴടങ്ങലാണ് കേന്ദ്ര സർക്കാർ നടത്തിയതെന്ന് രാഹുൽ ആരോപിച്ചു.

ആക്രമിക്കുന്ന കാര്യം പാക്കിസ്ഥാനെ മുൻകൂട്ടി അറിയിച്ചു. ഒരിക്കൽ ആക്രമിച്ചെന്നും ഇനി ആക്രമണം നടത്തില്ലെന്നും പാക്കിസ്ഥാനോട് പറഞ്ഞു. കാരണം, ഈ നടപടിയുടെ ലക്ഷ്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുകയായിരുന്നു.

സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി വ്യോമസേനയെ ഉപയോഗിച്ചതായും രാഹുൽ ആരോപിച്ചു. ഇന്ത്യ–പാക്ക് വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 29 തവണയാണ് പറഞ്ഞത്. ട്രംപ് കള്ളം പറയുകയാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രാഹുൽഗാന്ധി ചോദിച്ചു.

പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമർശനം നടത്തി. കശ്മീർ തീവ്രവാദ വിമുക്തമാണെന്നാണു സർക്കാർ അവകാശപ്പെട്ടിരുന്നത്. പിന്നെങ്ങനെയാണു പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. എന്തുകൊണ്ടു പഹൽഗാമിൽ സുരക്ഷ ഒരുക്കിയില്ലെന്നു ചോദിച്ച പ്രിയങ്ക, വീഴ്ച ഉണ്ടായതിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.