വീഡിയോ കോളിലൂടെ ഓഡിഷന്‍ നടത്തുന്നതിനിടെ അയാള്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു

0
302

കരിയറില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ജോണി ലിവറിന്റെ മകളും ഹാസ്യതാരവുമായ ജെയ്മി ലിവര്‍. ഒരു അന്താരാഷ്ട്ര പ്രൊജ്ക്റ്റിനായുള്ള ഓഡിഷനിടെ തന്നോട് നിര്‍മാതാക്കാള്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ജെസ്മി പറയുന്നു. സൂം വഴിയുള്ള വീഡിയോ കോളിനിടെയായിരുന്നു സംഭവം.

‘വീഡിയോ കോള്‍ വഴി ഓഡിഷന്‍ നടത്താമെന്ന് അവര്‍ പറഞ്ഞിരുന്നു. ഒരു അന്താരാഷ്ട്ര പ്രൊജക്റ്റായതിനാല്‍തന്നെ അതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. എല്ലാം ലൈവ് ആയി ചെയ്യുന്നതുകൊണ്ട് സ്‌ക്രിപ്‌റ്റൊന്നും നല്‍കിയിരുന്നില്ല. അവര്‍ പറഞ്ഞ സമയത്ത് സൂം വീഡിയോ കോളില്‍ കയറാനുള്ള ലിങ്ക് എനിക്ക് ലഭിക്കുകയും ഞാന്‍ അതില്‍ കയറുകയും ചെയ്തു. സംവിധായകന്‍ എന്നോട് നേരിട്ട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ താന്‍ യാത്രയിലാണെന്നും വീഡിയോ ഓണ്‍ ചെയ്യാന്‍ കഴിയില്ലെന്നും അയാള്‍ പറഞ്ഞു.

‘ഇതൊരു അന്താരാഷ്ട്ര സിനിമയാണ്. ഇതിലേക്ക് ഞങ്ങള്‍ കാസ്റ്റിങ് നടത്തുകയാണ്. നിങ്ങളുടെ ശാരീരികമായ യോഗ്യതകള്‍ ഇതിന് തികച്ചും അനുയോജ്യമാണ്. ഒരു ബോള്‍ഡ് കഥാപാത്രം ആയിരിക്കും. ഇതില്‍ കോമഡി ഒന്നും ഉണ്ടാകില്ല.’- അയാള്‍ പറഞ്ഞു. പുതുതായി എന്തെങ്കിലും പരീക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. ഞാന്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ‘നിങ്ങളുടെ മുന്നില്‍ 50 വയസ്സുള്ള ഒരാളുണ്ടെന്നും നിങ്ങള്‍ അയാളെ വശീകരിക്കാന്‍ ശ്രമിക്കുകയാണെന്നും സങ്കല്‍പ്പിക്കുക. ഒടുവില്‍ നിങ്ങള്‍ക്കിടയിലെ ബന്ധം വളരും. നിങ്ങള്‍ വളരേയധികം ക്ലോസ് ആകും.’ അയാള്‍ അഭിനയിക്കേണ്ട രംഗം പറഞ്ഞു. ഇതില്‍ ഞാന്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. സ്‌ക്രിപ്റ്റ് വേണമെന്ന് പറഞ്ഞു. എന്നാല്‍ സ്‌ക്രിപ്റ്റ് ഇല്ലെന്നും എല്ലാം ഇംപ്രൊവൈസേഷന്‍ ആണെന്നും അയാള്‍ പറഞ്ഞു.

ഈ രംഗത്തില്‍ വസ്ത്രം അഴിക്കേണ്ടി വരികയാണെങ്കില്‍ അതിന് മടിക്കരുതെന്നും അയാള്‍ പറഞ്ഞു. ഈ സംസാരം എനിക്ക് ഒട്ടും സുഖകരമായി തോന്നിയില്ല. പക്ഷേ അയാള്‍ ആ രംഗം ചെയ്യാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഈ വീഡിയോ കോളില്‍ ഞാന്‍ വസ്ത്രം അഴിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ എനിക്ക് അതില്‍ താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഇതേ കുറിച്ച് എന്നോട് നേരത്തെ പറഞ്ഞിട്ടില്ലെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ എന്റെ വീഡിയോ ഓഫും ചെയ്തു. അതൊരു തട്ടിപ്പായിരുന്നെന്ന് ആ സമയത്താണ് ഞാന്‍ തിരിച്ചറിഞ്ഞത്.’-ജെയ്മി പറയുന്നു.

അന്ന് താന്‍ നിഷ്‌കളങ്കമായി പെരുമാറിയിരുന്നെങ്കില്‍ തന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുമായിരുന്നെന്ന് ജെയ്മി ചൂണ്ടിക്കാണിക്കുന്നു. കാസ്റ്റിങ്ങിന്റെ മറവില്‍ ഇത്തരത്തില്‍ സ്ത്രീകള്‍ വഞ്ചിതരാകുന്നുണ്ടെന്നും ജീവിതത്തില്‍ ആദ്യമായി അങ്ങനെയൊരു സാഹചര്യം നേരിടുന്നതിനാല്‍ താന്‍ ഭയന്നുപോയിരുന്നെന്നും ജെയ്മി കൂട്ടിച്ചേര്‍ത്തു.