- അഞ്ച് കുട്ടികൾ അടക്കം 43 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും അടക്കമുള്ളവരാണ് മരിച്ചത്
മോസ്‌കോ: റഷ്യൻ വിമാനം തകർന്നുവീണ് 49 മരണം സ്ഥിരീകരിച്ചു. സൈബീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കാര എയർലൈനിന്റെ എൻ-24 വിമാനമാണ് തകർന്നത്. ചൈനീസ് അതിർത്തിക്ക് സമീപമുള്ള റഷ്യൻ നഗരമായ ടിൻഡയിലേയ്ക്ക് പറക്കുകയായിരുന്ന വിമാനം കിഴക്കൻ റഷ്യയുടെ അമുർ മേഖലയിലാണ് തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന അഞ്ച് കുട്ടികൾ അടക്കം 43 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും അടക്കമുള്ളവരാണ് മരിച്ചത്. ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു. ലാൻഡിംഗ് സമയത്ത് കാഴ്‌ച വ്യക്തമല്ലാത്തതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് കാർമേഘങ്ങൾ ഉണ്ടായിരുന്നതായും മഴയുണ്ടായിരുന്നതായും വിവരമുണ്ട്. വിമാനത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിമാനം കാണാതായതിനെത്തുടർന്ന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി റഷ്യൻ ഫെഡറേഷൻ ഫോർ ട്രാൻസ്‌പോർട്ടിന്റെ അന്വേഷണ സമിതി അറിയിച്ചിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയര്‍ലൈന്‍ നടത്തുന്ന വിമാനമാണിത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖലയിലെ ടിന്‍ഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷ്യമായത്. ഇടതൂര്‍ന്ന വനങ്ങളാലും ദുര്‍ഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പട്ടണം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
ഉക്രൈനിലെ (അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു) കീവിലുള്ള അന്റോനോവ് ഡിസൈൻ ബ്യൂറോയാണ് വിമാനം രൂപകൽപ്പന ചെയ്തത്. 1950 കളുടെ അവസാനത്തില്‍ സോവിയറ്റ് യൂണിയനില്‍ വികസിപ്പിച്ചെടുത്ത ഇരട്ട ടര്‍ബോപ്രോപ്പ് ഗതാഗത വിമാനമാണ് An-24. വിദൂര പ്രദേശങ്ങളില്‍ വ്യോമ സുരക്ഷയുടെ കാര്യത്തില്‍ മോശം റെക്കോര്‍ഡുള്ള റഷ്യയില്‍ ഇത് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
