കണ്ണില്ലാത്ത ക്രൂരത! പിണങ്ങിപോയ ഭാര്യ തിരികെ വരാന്‍ നരബലി; കുഞ്ഞിന്‍റെ ചോര സിറിഞ്ചില്‍ എടുത്തു; ക്രൂരത

0
62
  • കുട്ടിയെ ലക്ഷ്യമിട്ട മനോജ് മിഠായി നല്‍കി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു

ജയ്പുർ: പിണങ്ങിപോയ ഭാര്യ മടങ്ങിവരാന്‍ കുഞ്ഞിനെ കൊന്ന സംഭവത്തില്‍ അറസ്റ്റ്. രാജസ്ഥാനിലെ ജയ്പുരില്‍ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സരായ് ഗ്രാമത്തിൽ മൂന്നു ദിവസം മുന്‍പാണ് അഞ്ചു വയസുകാരന്‍റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്.

ദുരാചാരത്തിന്‍റെ ഭാഗമായി അമ്മാവനായ മനോജ് കുഞ്ഞിനെ ബലികൊടുത്തതാണെന്ന് പൊലീസ് കണ്ടെത്തി.കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തുമ്പോള്‍ മനോജും അവിടെയുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോെടയാണ് ക്രൂരകൃത്യം അറിഞ്ഞത്. മനോജുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

ഭാര്യയെ തിരികെ വീട്ടിലെത്തിക്കാന്‍ മന്ത്രവാദിയെ കണ്ട മനോജിനോട് 12,000 രൂപയും, ഒരു കുട്ടിയുടെ ബലിദാനവും, മന്ത്രവാദത്തിനായി കുട്ടിയുടെ രക്തവുമാണ് ആവശ്യപ്പെട്ടത്. ശനിയാഴ്ചയോടെ കുട്ടിയെ ലക്ഷ്യമിട്ട മനോജ് മിഠായി നല്‍കി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. വീട്ടിനുള്ളില്‍ വച്ച് കുട്ടിയെ കൊന്ന് വൈക്കോലിൽ ഒളിപ്പിച്ച ശേഷം കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറിഞ്ചില്‍ രക്തം ശേഖരിക്കുകയായിരുന്നു.

രക്തം വേർതിരിച്ചെടുക്കാൻ ഉപയോഗിച്ച സിറിഞ്ച് പോലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് സഹായിച്ചതിന് മന്ത്രവാദിയും അറസ്റ്റിലായിട്ടുണ്ട്.