അബൂദബി: അബുദബിയിൽ പ്രമുഖ മലയാളി വനിതാ ഡോക്‌ടറായ ഡോ. ധനലക്ഷ്മിയെ (54) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനിയാണ് ഡോ. ധനലക്ഷ്മി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു.
ഇന്നലെ രാത്രിയോടെയാണ് മുസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹ്യത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.
രണ്ടുദിവസമായി ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും തിങ്കളാഴ്ച പോയിരുന്നില്ല. 10 വർഷത്തിലേറെയായി പ്രവാസിയാണ് ഡോ ധനലക്ഷമി. അബൂദബി മലയാളി സമാജം അംഗവും സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.
നേരത്തേ കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മമി. സംസ്ക്‌കാരത്തിനായി മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം
