ധർമസ്ഥലയിൽ വച്ച് വാഹനാപകടത്തിൽ മലയാളി മരിച്ചു; ദുരൂഹത ആരോപിച്ച് മകൻ

0
236

ബെംഗളൂരു: ധർമസ്ഥലയിലെ മലയാളി‌‌യുടെ മരണത്തിലും ദുരൂഹതയെന്ന് പരാതി. ഇടുക്കി സ്വദേശി ബൽത്തങ്ങാടി കറമ്പാറു സവനാലു ഡാർബെ ഹൗസിൽ കെ.ജെ.ജോയി 2018ൽ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകൻ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടിൽ അനീഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയിൽ പറയുന്നു. 

ധർമസ്ഥലയിലെ പ്രമുഖന്റെ നിർദേശപ്രകാരം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. അനീഷ് ധർമസ്ഥലയിലെത്തി പരാതി നൽകിയതോടെ ഭീഷണി ശക്തമായി. ഒടുവിൽ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടിൽ എത്തിയെന്നും അനീഷ് പറഞ്ഞു.

അതേസമയം,  ധർമസ്ഥലയിൽ നൂറിലധികം പേരുടെ മൃതദേഹങ്ങൾ മറവു ചെയ്തെന്ന കേസിലെ എസ്ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. ആരോപണങ്ങളിൽ ഇതാദ്യമായാണു ട്രസ്റ്റ് പ്രതികരിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ വനമേഖലയിൽ കുഴിച്ചുമൂടിയെന്ന, ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാർശ്വനാഥ് ജെയിൻ ആവശ്യപ്പെട്ടു.

ഇതിനിടെ, ഇനിയൊരു ഉത്തരവുണ്ടാകും വരെ ട്രസ്റ്റിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നു ബെംഗളൂരു സെഷൻസ് കോടതി ഉത്തരവിട്ടു.