ഷാർജയിലെ മലയാളി യുവതിയുടെ മരണം: കോൺസുലേറ്റിൽ നിർണായക ചർച്ച; ഭർത്താവിനെയും അതുല്യയുടെ ബന്ധുക്കളെയും വിളിപ്പിച്ചു

0
255

ദുബൈ: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷിനെയും അതുല്യയുടെ ബന്ധുക്കളെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വിളിപ്പിച്ചു. മരണം സംബന്ധിച്ച് കോൺസുലേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ ചർച്ച നടന്നുവരുന്നു. എന്നാൽ അതുല്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർ നടപടികളെന്താണെന്ന് വ്യക്തമാകുകയുള്ളൂ.

മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കയവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിന്മേൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുൻപേ ഈ യുവതി ജീവിതത്തോട് വിടപറഞ്ഞു.

കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷിനെ അയാൾ ജോലി ചെയ്യുന്ന ദുബായിലെ സ്വകാര്യ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇദ്ദേഹം ജുമൈറയിൽ പ്രവർത്തിക്കുന്ന മലയാളിയുടെ കമ്പനിയിൽ  സൈറ്റ് എൻജിനീയറായിരുന്നു. സതീഷിന് ഇന്ന് രേഖാമൂലമുള്ള കത്ത് നൽകിയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.  ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.

അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ വിഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ ശേഖറി(30)നെ വെള്ളിയാള്ച രാത്രിയാണ് ഷാർജയുടെ സിരാ കേന്ദ്രവും ജനസാന്ദ്രതയേറിയ നഗരപ്രദേശവുമായ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു.

മദ്യപിച്ച് മദോന്മത്തനായി പലതും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്.

സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

മകളെ കെലപ്പെടുത്തിയതാണെന്ന് പറഞ്ഞ് കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയോകളും ഇവർ സൂക്ഷിക്കുന്നത്. ശാരീരികമായ പീഡനങ്ങൾ സഹിക്കയവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിന്മേൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുൻപേ യുവതി ജീവിതത്തോട് വിടപറഞ്ഞു.

വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള  മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാർജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാൽ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു.