- കപ്പലാക്രമണത്തിൽപ്പെട്ട അനിൽകുമാർ ഹൂതി വിമതരുടെ നിയന്ത്രണത്തിലെന്ന് സംശയം,
കായംകുളം: ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന കപ്പലിൽ നിന്ന് കാണാതായ അനിൽകുമാർ യമനിലുണ്ടെന്ന് വിവരം. എന്നാൽ, യമൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണോ അതോ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണോ എന്ന കാര്യം വ്യക്തമല്ല. അനിലിന്റെ ഫോൺകോൾ എത്തിയ കാര്യം ഭാര്യ ശ്രീജ എംബസി അധികൃതരെ അറിയിച്ചു. വിളിച്ച നമ്പറും കൈമാറിയിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നിലവിൽ യമനിൽ ഇന്ത്യയ്‌ക്ക് എംബസി ഇല്ലാത്തതിനാൽ സഊദിയിലെ എംബസിക്കാണ് ചുമതല. രണ്ട് രാജ്യങ്ങളിലും ഇന്നലെ അവധിയായതിനാൽ അനിൽകുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്നാകും ആരംഭിക്കുക.താൻ യമനിലുണ്ടെന്നും ഉടൻ നാട്ടിലെത്താനാകും എന്നുമാണ് അനിൽ ഇന്നലെ ശ്രീജയോട് പറഞ്ഞത്.
നിമിഷങ്ങൾ മാത്രം നീണ്ട ഫോൺവിളിയിൽ മകൻ അനുജിനോടും അദ്ദേഹം സംസാരിച്ചു. മകൾ അനഘയ്‌ക്ക് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ല. ഈ മാസം ഏഴിനാണ് ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി സെക്യൂരിറ്റി ഓഫീസറായ അനിൽകുമാറടക്കം പതിനൊന്നുപേരെ കാണാതായത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കാർത്തികപ്പള്ളി തഹസിൽദാറും നേരത്തേ അനിലിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
അപകടം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് വിവരം അനിൽകുമാറിന്റെ കുടുംബത്തെ സഊദിയിലെ എംബസി വിവരം അറിയിച്ചത്. 25പേരാണ് ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. മൂന്നുപേർ ആക്രമണത്തിനിടെ മരിച്ചു. ഒരാൾക്ക് മാരകമായി പരിക്കേറ്റു. ബാക്കി 21പേർ കടലിൽ ചാടി. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിൻ ഉൾപ്പെടെ പത്തുപേരെ രക്ഷാപ്രവർത്തകർ കരയ്‌ക്കെത്തിച്ചു. അനിൽകുമാർ ഉൾപ്പെടെയുള്ളവർ ജാക്കറ്റ് ധരിച്ചാണ് കടലിൽ ചാടിയതെങ്കിലും തിരയിൽ ദിശമാറിയതിനെത്തുടർന്ന് കണ്ടെത്താൻ ബുദ്ധിമുട്ടി എന്നാണ് വിവരം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
