ചികിത്സക്കായി വലിയ തുക കൈപ്പറ്റി; ഫേസ്ബുക്ക് പേജിനെതിരെ പൊലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി

0
211

തിരുവനന്തപുരം: തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് പേജിനെതിരെ പൊലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി ബാലഗോപാൽ. മന്ത്രിയുടെ ഓഫീസ് ‘കലയന്താനി കാഴ്ചകൾ’ എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് പരാതി നൽകിയത്.

പരാതി നൽകിയ വിവരം മന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഒരു ദിവസത്തെ ഹൃദ്രോഗ ചികിത്സക്കായി മന്ത്രി വലിയ തുക അനധികൃതമായി കൈപ്പറ്റി എന്നാണ് വ്യാജ പ്രചരണം.

ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ മന്ത്രി ചികിത്സ തേടിയിരുന്നു. ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് ഫേസ്ബുക്ക് പേജിലൂടെ വ്യാജ പ്രചാരണം നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കേവലം ഒരു ദിവസം (24 മണിക്കൂര്‍) കിടന്നവകയില്‍ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ എഴുതി വാങ്ങിയത് 1,91,601 എന്നാരംഭിക്കുന്ന പോസ്റ്റില്‍ പറയുന്ന വിവരങ്ങള്‍ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതുമാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

മെയ് 12ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി പരിശോധനകള്‍ നടത്തിയ ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഡ്മിറ്റായിരുന്നു . ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയും മെയ് 14ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുകയും ചെയ്തിരുന്നു. പിന്നീട് മെയ് 17ന് ഡിസ്ചാര്‍ജ്ജാകുകയും ചെയ്തു. എന്നാല്‍ ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കൊളേജില്‍ അടച്ച തുകയുടെ റീ ഇംബേഴ്‌സ്‌മെന്റിനെ സംബന്ധിച്ചാണ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. ആന്‍ജിയോപ്ലാസ്റ്റി നടത്താന്‍ എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാർജ് ചെയ്യുന്ന സാധാരണ തുക മാത്രമാണ് ഈടാക്കിയിട്ടുള്ളത്. എന്നാൽ
ഇതിനെ പെരുപ്പിച്ചു കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ഫേസ്ബുക്കിലൂടെ ചെയ്തത്.

ഒരുവര്‍ഷമായി പലരീതിയില്‍ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നുണപ്രചാരകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.