റിയാദ്: 12.5 മണിക്കൂർ നീണ്ടുനിന്ന വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ പ്രക്രിയയിലൂടെ സയാമീസ് ഇരട്ടകളായ യാരയെയും ലാറയെയും വിജയകരമായി വേർപെടുത്തിയതായി സഊദി സ്പെഷ്യൽ മെഡിക്കൽ അറിയിച്ചു. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന പ്രത്യേക സഊദി മെഡിക്കൽ, സർജിക്കൽ സംഘം വ്യാഴാഴ്ച ഒരു പുതിയ നാഴികക്കല്ലാണ് പിന്നിട്ടത്.
റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയുടെ ഭാഗമായ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. സഊദി കൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്ന റോയൽ കോടതിയിലെ ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെഎസ്‌റിലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ-റബീഹയുടെ നേതൃത്വത്തിൽ പീഡിയാട്രിക് സർജറി, അനസ്തേഷ്യ, യൂറോളജി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി, നഴ്സിംഗ് എന്നിവയിലെ കൺസൾട്ടന്റുമാർ ഉൾപ്പെടെ 38 സ്പെഷ്യലിസ്റ്റുകളുടെ സംഘം അപൂർവ്വ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
ഏഴ് മാസം പ്രായമുള്ള സയാമീസ് ഇരട്ടകളുടെ അടിവയർ, പെൽവിസിൽ, വൻകുടലിന്റെയും മലാശയത്തിന്റെയും മൂത്രാശയത്തിന്റെയും പ്രത്യുത്പാദന വ്യവസ്ഥയുടെയും പെൽവിക് അസ്ഥിയുടെ ഭാഗങ്ങൾ എന്നിവ ഒട്ടിപ്പിടിച്ച് രണ്ട് പേർക്കുമായി പങ്കിട്ട നിലയിലായിരുന്നു ഇവർ ഭൂമിയിലേക്ക് പിറന്ന് വീണത്.
സഊദി കൺജൈൻഡ് ട്വിൻസ് പ്രോഗ്രാമിന് കീഴിൽ നടത്തിയ 65-ാമത്തെ വിജയകരമായ വേർപിരിക്കൽ ശസ്ത്രക്രിയയാണിത്. കഴിഞ്ഞ 35 വർഷത്തിനിടെ 27 രാജ്യങ്ങളിൽ നിന്നുള്ള 150 സയാമീസ് ഇരട്ടകളുടെ കേസുകൾ ഇവിടെ കൈകാര്യം ചെയ്തിട്ടുണ്ട്.
ആഗോളമാനുഷിക വൈദ്യ പരിചരണത്തിൽ ഇടപെടുന്ന സഊദിയുടെ നേതൃത്വത്തെ ഡോ. അൽ-റബീഹ പ്രശംസിച്ചു. രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് എന്നിവരുടെ ശക്തമായ പിന്തുണയാണ് ഈ പരിപാടിയുടെ വിജയത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ മക്കളെ രണ്ടായി വേർപ്പെടുത്തി തന്ന യാരയുടെയും ലാറയുടെയും കുടുംബം സഊദി നേതൃത്വത്തിനും മുഴുവൻ മെഡിക്കൽ സംഘത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ചു,