ദുബൈ: ഇന്ന് രാവിലെ 9ന് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 ഇതുവരെ പുറപ്പെട്ടില്ല. കഴിഞ്ഞ ഒന്നര മണിക്കൂറിലേറെയായി യാത്രക്കാർ വിമാനത്തിനകത്ത് കനത്ത ചൂട് സഹിച്ചിരിക്കുന്നു. ദുബൈയിൽ നിന്ന് ഇന്ന് രാവിലെ 8.30 ന് തന്നെ കൃത്യമായി യാത്രക്കാരെ ബോയിങ് 737 വിമാനത്തിൽ കയറ്റിയിരുന്നു.
വിമാനം റൺവേയിലൂടെ ഇത്തിരി ദൂരം നീങ്ങിയെങ്കിലും പിന്നീട് പഴയ സ്ഥലത്ത് തന്നെ കൊണ്ടുവന്നുനിർത്തി. ചൂട് സഹിക്കാതെ കുട്ടികൾ കരയാനും ബഹളം വയ്ക്കാനും തുടങ്ങി. യാത്രക്കാർ വിമാന അധികൃതരോട് പുറപ്പെടാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ എയർ കണ്ടീഷണറിന് ചെറിയ സാങ്കേതിക പ്രശ്നമുണ്ടെന്നും പരിഹരിച്ച് ഉടൻ പുറപ്പെടുമെന്നുമായിരുന്നു മറുപടി.
വൈകാതെ വീണ്ടും വിമാനം നീങ്ങി. എന്നാൽ എസി പ്രശ്നത്തിന് പരിഹാരമാകാത്തതിനാൽ പഴയ സ്ഥിതി ആവർത്തിക്കുകയുമായിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കും വരെ തങ്ങളെ വിമാനത്താവളത്തിനകത്ത് ഇരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചില്ല.
40 ഡിഗ്രി സെൽഷ്യസിനടുത്താണ് ഇന്ന് രാവിലെ ദുബായിലെ താപനില. ഈ ചൂടത്താണ് എസി ഇല്ലാതെ യാത്രക്കാർ വിമാനത്തിൽ ഇരുന്ന് പുഴുങ്ങുന്നത്.
