‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്ന പരസ്യവാചകവുമായാണ് ട്രംപ് തന്‍റെ രണ്ടാം തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഎസ് പ്രസിഡന്‍റായി രണ്ടാമതും അധികാരമേറ്റ ട്രംപ് ചെയ്തത് യുഎസ് പൗരത്വമില്ലാത്ത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുകയെന്നതായിരുന്നു.
ഇതിന്‍റെ ഭാഗമായി ഇതുവരെ 1,563 ഇന്ത്യക്കാരെ യുഎസ് ഇതുവരെയായി തിരിച്ചയച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അതേസമയം ഏതാണ്ട് ഏകദേശം 7,25,000 ഇന്ത്യൻ പൗരന്മാർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
‘കഴിഞ്ഞ ആറ് മാസത്തിനിടെ 1,563 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ജനുവരി 20 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിലെ കണക്കാണിത്. മിക്കവരും വാണിജ്യ വിമാനങ്ങൾ വഴിയാണ് എത്തിയതെന്ന്’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
നിയമ വിരുദ്ധ താമസക്കാരെന്ന് അറിയിച്ച് യുഎസില്‍ നിന്നും സൈനിക വിമാനത്തില്‍ കൈയിലും കാലിലും വിലങ്ങണിയിച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഏകദേശം 7,25,000 ഇന്ത്യൻ പൗരന്മാർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് പ്യൂ റിസർച്ച് സെന്‍ററിന്‍റെ കണക്കുകൾ പറയുന്നു. മെക്സിക്കോ, എൽ സാൽവഡോർ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർ കഴിഞ്ഞാല്‍ യുഎസില്‍ അനധികൃത കുടിയേറ്റക്കാരായി താമസിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വംശീയ വിഭാഗമാണ് ഇന്ത്യക്കാര്‍.
