ഷാർജയിലെ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

0
253

ഷാർജയിൽ കൊല്ലം സ്വദേശിനി വിപഞ്ചികയും മകളും മരിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിൽ നിയമോപദേശം തേടാനും പോലീസ് തീരുമാനം. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും ആലോചനയുണ്ട്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് നീക്കം.

ഭർത്താവിനും വീട്ടുകാർക്കും എതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ നിതീഷ് ഒന്നാം പ്രതി, സഹോദരി നീതു രണ്ടാം പ്രതി, അച്ഛൻ മൂന്നാം പ്രതി എന്നിങ്ങനെയാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും മകൾ വൈഭവിയെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആരോപണം. ഇത് തെളിയിക്കുന വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിരുന്നു.ഭർത്താവ് നിതീഷ് വിപഞ്ചികയെ ശാരീരികമായി ആക്രമിച്ചിരുന്നു എന്നും മകൾ നേരിട്ടത് കൊടിയപീഡനമായിരുന്നു എന്നും വിപഞ്ചികയുടെ അമ്മ ആരോപിച്ചു. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പും പുറത്ത് വന്നിട്ടുണ്ട്.