ബ്രസീലിയൻ ദമ്പതിമാരുടെ വയറിളക്കി പുറത്തെടുത്തത് നൂറിലേറെ കാപ്സ്യൂൾ, ശ്രമം തുടരുന്നു; യുവതി ഗർഭിണി

0
214

നെടുമ്പാശ്ശേരി: മയക്കുമരുന്ന് കാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയൻ ദമ്പതിമാരിൽനിന്ന് ഇതുവരെ കണ്ടെടുത്തത് നൂറിലധികം മയക്കുമരുന്ന് ഗുളികകൾ. ഗുളികകൾ മൊത്തം പുറത്തെടുക്കാൻ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വയറിളക്കി മയക്കുമരുന്ന് ഗുളികകൾ സ്വാഭാവികമായി പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിങ്കളാഴ്ച വരെ ശ്രമം തുടരും.

തിങ്കളാഴ്ച വീണ്ടും രണ്ടുപേരുടെയും എക്സ്‌റേ എടുക്കും. വയറ്റിൽ ഗുളികകൾ ഇല്ലെന്ന് കണ്ടാൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് (ഡിആർഐ) തുടർ നടപടി സ്വീകരിക്കും. ഗുളികകൾ മൊത്തം പുറത്തെടുത്ത ശേഷമേ ഇത് മയക്കുമരുന്നാണോ എന്ന് പരിശോധിക്കൂ. ഡിആർഐ സ്വന്തം നിലയിൽ പരിശോധന നടത്തി ഇത് ഏതുതരം മയക്കുമരുന്നാണെന്ന നിഗമനത്തിലെത്തിയ ശേഷം വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക്‌ അയക്കും.

കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴി എത്തിയ ബ്രസീൽ സ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡിആർഐ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഡിആർഐ ഉദ്യോഗസ്ഥർ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടിയത്. ഇവർ ആദ്യമായാണ് ഇന്ത്യയിൽ വരുന്നത്. ഇവരുടെ ഫോൺകോൾ വിവരങ്ങളടക്കം ഡിആർഐ ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്.

എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴി എത്തിയ ബ്രസീൽ സ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡിആർഐ പിടികൂടിയത്. സ്കാനിങ്ങിൽ ഇവർ മയക്കുമരുന്ന് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. ബ്രസീൽ സ്വദേശികളെയും അവരുടെ ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് കോടതിയുടെ അനുമതിയോടെ ഇരുവരെയും സ്കാനിങ്ങിന് വിധേയമാക്കി. മയക്കുമരുന്ന് വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 70-ഓളം ഗുളികകൾ പുറത്തെടുത്തു. നൂറിലധികം ഗുളികകളുണ്ടെന്നാണ് നിഗമനം.