തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധം അറിയിച്ച ഇരുവിഭാഗം സുന്നി സംഘടനകളെയും സംശയമുനയിൽ നിർത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന. ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ഈ പ്രതിഷേധങ്ങൾക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്ന് മന്ത്രി ആരോപിച്ചു.
‘കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ തകർക്കുന്നതിന് വേണ്ടി ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നുണ്ട്. സംസ്ഥാനത്തിന്റേത് ദേശീയ അടിസ്ഥാനത്തിൽ മാതൃകാപരമായ വിദ്യാഭ്യാസ മേഖലയാണ്. രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണ് കേരളം. ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ അക്കാദമിക കലണ്ടറിനെതിരെ കോടതിയിൽ പോയത് കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കുന്ന അധ്യാപക സംഘടനകളായിരുന്നു. മുസ്‍ലിം ലീഗും കോൺഗ്രസും അതിന് അനുകൂലമായി നിലപാടെടുത്തു.
2014ൽ യു.ഡി.എഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറിയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളാക്കി കുറച്ചു. അപ്പോൾ ക്ലാസ് തുടങ്ങുന്നത് രാവിലെ 9.30 എന്നത് 9.00 ആക്കിയും വൈകുന്നേരം 4.00 മണി എന്നത് 4.30 ആക്കി. രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം വർദ്ധിപ്പിച്ചു. ടൈംടേബിൾ പരിഷ്‌കരിച്ചത് മദ്റസാ വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വാദം ഉന്നയിക്കുന്നവർ അന്ന് ഇത്തരത്തിൽ യാതൊരുവിധ തർക്കമോ പ്രതിഷേധമോ വിവാദമോ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ഈ പ്രതിഷേധങ്ങൾക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണ്’ -മന്ത്രി പറഞ്ഞു.
