പ്രായപൂര്‍ത്തിയാകാത്ത മകളെ മറയാക്കി എംഡിഎംഎ കടത്ത്; ലിജിയ അടക്കം 4 പേര്‍ കുടുങ്ങി

0
239

പന്ത്രണ്ട് മണിക്കൂറിനിടെ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് എംഡിഎംഎ കടത്തുന്ന ലഹരിസംഘത്തിലെ മുഖ്യകണ്ണികളെ വലയിലാക്കി എക്സൈസ്. പള്ളുരുത്തി സ്വദേശിനി ലിജിയയടക്കം നാല് പേരില്‍ നിന്നായി 115 ഗ്രാമിലേറെ എംഡിഎംഎയാണ് പിടികൂടിയത്.

സംശയം തോന്നാതിരിക്കാൻ പ്രായപൂര്‍ത്തിയാകാത്ത മകളെയും ഒപ്പം കൂട്ടിയായിരുന്നു ലിജിയയുടെ ലഹരിക്കടത്ത്.  
ശനിയാഴ്ച രാത്രി പത്ത് മണിക്ക് എക്സൈസ് സ്പഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ ലഹരിവേട്ട അവസാനിച്ചത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ. പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട മാരത്തണ്‍ റെയ്ഡില്‍ മുഖ്യ കണ്ണികള്‍ തന്നെ വലയിലായി.

കൊച്ചിയിലെ പ്രധാന ലഹരിയിടപാടുകാരിയായ ലിജിയ ഏറെ നാളായി എക്സൈസിന്‍റെ നിരീക്ഷണത്തിലാണ്. ശനിയാഴ്ച രാത്രി ലിജിയയും കൂട്ടരും ലഹരി കൈമാറാനെത്തുന്നുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തൈക്കൂടത്തെ  ഓവല്‍ റിട്രീറ്റ് ലോഡ്ജില്‍ എക്സൈസ് സംഘത്തിന്‍റെ മിന്നല്‍ പരിശോധന. ലിജിയയെ കൂടാതെ മരട് സ്വദേശികളായ വിഷ്ണുവും സജിത്തുമാണ് 202ാം നമ്പര്‍  മുറിയിലുണ്ടായിരുന്നത്. ഇവരില്‍ നിന്ന് 24 ഗ്രാമിലേറെ എംഡിഎംഎ കണ്ടെത്തി.

മൂന്ന് വർഷത്തിലേറെയായി ബാംഗ്ലൂരുവിൽ നിന്ന് പതിവായി കൊച്ചിയില്‍ എംഡിഎംഎ എത്തിക്കുന്ന പ്രധാന കാരിയറാണ് ലിജിയയെന്ന് എക്സൈസ്. 
 ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച ശേഷം ലോഡ്ജില്‍ മുറിയെടുത്ത് ചെറുപൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരെ ചോദ്യം ചെയ്തപ്പോളാണ് അങ്കമാലി സ്വദേശി എഡ്വിന്‍ ഡേവിസിനെ കുറിച്ച് വിവരം ലഭിച്ചത്. എഡ്വിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 91 ഗ്രാം എംഡിഎംഎ കണ്ടെത്തി.

ഇരുവരും ഒരുമിച്ചാണ് ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയതെന്നാണ് സൂചന. എക്സൈസ് എത്തുമ്പോള്‍ ലിജിയയ്ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത മകളുമുണ്ടായിരുന്നു. മകളെയും കൂട്ടിയാണോ ബെംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തെന്ന സംശയവും എക്സൈസിനുണ്ട്. ലഹരിവാങ്ങാന്‍ പണം നല്‍കിയവരെ കേന്ദ്രീകരിച്ചടക്കം അന്വേഷണം പുരോഗമിക്കുകയാണ്.