മണ്ണാർക്കാട്ടെ CPM ഓഫീസ് പടക്കമെറിയൽ: ‘പടക്കം വാങ്ങിത്തന്നിട്ട് എറിയാന്‍ വെല്ലുവിളിച്ചത് CPIM നേതാക്കള്‍ തന്നെ’; പടക്കമെറിഞ്ഞ അഷ്‌റഫ്, നിഷേധിച്ച് നേതാക്കള്‍

0
208

തനിക്ക് പടക്കം വാങ്ങിത്തന്നത് സിപിഐഎം നേതാക്കള്‍ തന്നെയെന്ന് മണ്ണാര്‍ക്കാട് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ് കല്ലടി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടവും സിപിഐഎം ലോക്കല്‍ സെക്രട്ടറി മന്‍സൂറുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഷ്‌റഫ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ധൈര്യമുണ്ടെങ്കില്‍ പടക്കം പൊട്ടിക്കാന്‍ ഈ നേതാക്കള്‍ തന്നെ വെല്ലുവിളിച്ചെന്നാണ് ഇയാളുടെ ആരോപണം.

സിപിഐഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പടക്കമെറിയാന്‍ നേതാക്കള്‍ തന്നെ വെല്ലുവിളിച്ചതെന്ന് അഷ്‌റഫ് പറയുന്നു. പടക്കം വാങ്ങിത്തന്നത് മന്‍സൂറാറെന്നും അഷ്‌റഫ് പറഞ്ഞു. എന്നാല്‍ ശ്രീരാജ് വെള്ളപ്പാടം ഈ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ചു. കൈയോടെ പിടികൂടിയപ്പോള്‍ അഷ്‌റഫ് അസംബന്ധം വിളിച്ചുപറയുകയാണെന്ന് അദ്ദേഹം തിരിച്ചടിച്ചു. മുന്‍പ് ഇയാള്‍ പാര്‍ട്ടി അനുഭാവിയായിരുന്നുവെന്നും പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞുവെന്നും ശ്രീരാജ് ഇതേ ചാനലിനോട് പറഞ്ഞു. മുന്‍പും നേതാക്കളെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പെരുമാറ്റങ്ങള്‍ അഷ്‌റഫില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പടക്കമെറിഞ്ഞ കേസില്‍ അറസ്റ്റിലായ അഷ്‌റഫ് പി കെ ശശി അനുകൂലിയാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇയാള്‍ക്ക് ഏറെക്കാലമായി പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. ഇന്നലെ ഇയാളെ കണ്ടിരുന്നെങ്കിലും പടക്കമെറിയാന്‍ വെല്ലുവിളിച്ച സംഭവമുണ്ടായിട്ടില്ലെന്ന് ശ്രീരാജ് വെള്ളപ്പാടം ചാനലിനോട് വിശദീകരിച്ചു. മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ നേരത്തെ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിപിഎം പ്രവർത്തകനായ അഷ്റഫിനെ പി.കെ ശശി അനുകൂലിയായാണ് പാർട്ടി നേതാക്കൾ വിശേഷിപ്പിക്കുന്നത്. സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്ഐആർ പറയുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 288, 192, ഇന്ത്യൻ എക്സ്പ്ലോസീവ് ആക്ടിലെ 9(b)1(b) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കെടിഡിസി ചെയർമാൻ പികെ ശശിയുടെ മുൻ ഡ്രൈവറാണ് ഇയാളെന്നും ഇന്നലെ ആക്രമണം നടന്ന സമയത്ത് അഷ്റഫ് മദ്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നു. പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയിലെ പരിപാടിയിൽ സി പി എമ്മിനെയും ഡിവൈഎഫ്ഐയെയും വെല്ലുവിളിച്ച് പികെ ശശി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഈ സംഭവം. മണ്ണാർക്കാട് സജീവ സാന്നിധ്യമായി ഉണ്ടാകുമെന്ന് പറഞ്ഞ പികെ ശശിയുടെ ബിഗ്ബി സിനിമയിലെ ഡയലോഗാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പിന്നാലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ ശശിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഈ വാക്പോര് ശക്തമായി നിൽക്കെയാണ് മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ അഷ്റഫ് ഇവിടെ ആക്രമണം നടത്തിയത്.