ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി, ലഹരിമരുന്ന് നൽകി ഐഐഎം വിദ്യാർഥിയെ പീഡിപ്പിച്ചു

0
242

കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) പഠിക്കുന്ന വിദ്യാർഥിനി സ്ഥാപനത്തിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ബലാത്സംഗത്തിന് ഇരയായി.

ഹരിദേവ്പൂർ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐഐഎം കൊൽക്കത്തയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിനുള്ളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

‘‘മാനസിക സംഘർഷം അനുഭവിച്ചിരുന്ന വിദ്യാർ‌ഥിനി സുഹൃത്ത് വിളിച്ചതനുസരിച്ച് കൗൺസലിങ്ങിനായാണ് ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് എത്തിയത്. ലഹരിമരുന്ന് കലർന്ന പാനീയം കഴിച്ച ശേഷം അവൾ അബോധാവസ്ഥയിലായി. ബോധം വീണ്ടെടുത്തപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടെന്ന് വിദ്യാർഥിനിക്ക് മനസ്സിലായി.  ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി ആരോപിച്ചു’’ – പൊലീസ് പറഞ്ഞു.

പ്രതിയായ വിദ്യാർഥിയെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എല്ലാവശങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. കൊൽക്കത്തയിലെ ലോ കോളജിനുള്ളിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി രണ്ടാഴ്ചയ്ക്കു ശേഷമാണ് മറ്റൊരു ബലാത്സംഗ വാർ‌ത്തയും പുറത്തുവരുന്നത്.