- മേലുദ്യോഗസ്ഥരുടെ മാനസികപീഡനം കാരണമാണ് ജെയ്സൺ ആത്മഹത്യചെയ്തതെന്ന് കുടുംബം
കഴക്കൂട്ടം: പോലീസ് സർക്കിൾ ഇൻസ്പെക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ, കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേൽ ഹൗസിൽ ജെയ്‌സൺ അലക്സിനെ(48)യാണ് വെള്ളിയാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
മേലുദ്യോഗസ്ഥരുടെ മാനസികപീഡനം കാരണമാണ് ജെയ്സൺ ആത്മഹത്യചെയ്തതെന്ന് കുടുംബം ആരോപിച്ചു. കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന ജെയ്‌സൺ അലക്സ്, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പത്തുമണിയോടെ തിരിച്ചെത്തി. ഭാര്യ ജോലിക്കും മക്കൾ സ്കൂളിലും പോയിരുന്നു. ഒരു മണിക്കൂറിനു ശേഷം ജെയ്‌സണിന്റെ മൂന്നു സഹപ്രവർത്തകർ അന്വേഷിച്ചെത്തി. ഓഫീസിൽ കാണാത്തതിനാലും വിളിച്ചിട്ടു മറുപടിയില്ലാത്തതുകൊണ്ടുമാണ് തിരക്കിയെത്തിയതെന്നാണ് ഇവർ അയൽക്കാരോടു പറഞ്ഞത്. പ്രധാന വാതിൽ പൂട്ടിയിരുന്നില്ല. തുടർന്നുള്ള പരിശോധനയിലാണ് വീടിന്റെ ഹാളിൽ ജെയ്‌സണെ തൂങ്ങിയ നിലയിൽ കണ്ടത്. കുണ്ടറ സ്വദേശിയായ ജയ്സൺ, രണ്ടു വർഷം മുൻപാണ് പുല്ലാന്നിവിളയിൽ വീടു െവച്ച് താമസമായത്. പുതുക്കുറിച്ചി ഔവർ ലേഡി ഓഫ് മെഴ്‌സി സ്‌കൂളിലെ അധ്യാപികയായ പ്രീജയാണ് ജെയ്‌സന്റെ
ഭാര്യ. മക്കൾ: ആമി ജെയ്‌സൺ, ആൻസി ജെയ്‌സൺ. കഴക്കൂട്ടം പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ആത്മഹത്യാക്കുറിപ്പ് ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ഇൻക്വസ്റ്റ് നടത്തുമ്പോൾ കൗൺസിലർമാരെപ്പോലും വീടിന്റെ പരിസരത്തുനിന്ന് പോലീസ് മാറ്റിനിർത്തിയെന്ന് ആരോപണമുണ്ട്.
ക്രമക്കേടിനു കൂട്ടുനിൽക്കാൻ സമ്മർദമുണ്ടായിരുെന്നന്ന് അമ്മ
മേലുദ്യോഗസ്ഥരുടെ സമ്മർദവും ഭീഷണിയുമാണ് ജെയ്‌സണിന്റെ മരണത്തിനു കാരണമെന്ന് അമ്മ ജെമ്മ അലക്സ് പറഞ്ഞു. ടെലികമ്യൂണിക്കേഷൻസിൽ ചില ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളിൽ ക്രമക്കേടിനു കൂട്ടുനിൽക്കാൻ ജെയ്‌സണു മേൽ സമ്മർദമുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. പലവട്ടം ഇതിന്റെ പേരിൽ ഭീഷണിയുണ്ടായി.
എന്നാൽ, ജെയ്സൺ വഴങ്ങിയില്ല. സാമ്പത്തികമായ ഒരു പ്രശ്നവും ജയ്സണില്ലെന്നും മേലധികാരികളാണ് മരണത്തിന് ഉത്തരവാദികളെന്നും ജെമ്മ ആരോപിച്ചു. ഇവർക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
