യുക്രെയ്‌നിൽ കനത്ത റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണം

0
228

കീവ്: യുക്രെയ്ൻ നഗരങ്ങളിൽ കനത്ത ഡ്രോൺ, മിസൈൽ ആക്രമണം നടത്തി റഷ്യ. യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം നടത്തിയത്.

728 ഡ്രോണുകളും ആറ് ഹൈപ്പർസോണിക് മിസൈലുകളും റഷ്യ തൊടുത്തതായാണ് റിപ്പോർട്ടുകൾ. ഡ്രോണുകളിലേറെയും യുക്രെയ്ൻ സേന വെടിവച്ചിട്ടു. എന്നാൽ, റഷ്യൻ തൊടുത്ത മിസൈലുകൾ പലയിടത്തും നാശമുണ്ടാക്കിയെന്ന് വ്യോമസേനാ വക്താവ് യൂറി ഇഹ്‌നത്ത് പറഞ്ഞു. യുക്രെയ്‌നിലെ സൈനികത്താവളങ്ങളെയാണ് ആക്രമിച്ചതെന്ന് റഷ്യൻ സൈന്യം അറിയിച്ചു. 

റഷ്യൻ പ്രവിശ്യയായ കർ‍സ്കിലെ ബീച്ചിൽ യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. കുട്ടിയടക്കം 7 പേർക്കു പരുക്കേറ്റു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഉൾപ്പെടെ റഷ്യൻ വരുമാനത്തെ സഹായിക്കുന്ന മേഖലകൾക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു.

നേരത്തെ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500% തീരുവ ഏർപ്പെടുത്തുന്നതടക്കം റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്നു ട്രംപ് പറഞ്ഞു. വെടിനിർത്തലിനു യുഎസ് നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ, പുട്ടിന്റെ സമീപനത്തോടുള്ള അതൃപ്തിയും ട്രംപ് പ്രകടിപ്പിച്ചു. റഷ്യ കനത്ത ആക്രമണം തുടരുന്ന സാഹചര്യത്തിൽ നയതന്ത്ര വഴികൾ അടഞ്ഞതായി ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സും പറഞ്ഞു. യുക്രെയ്നിലെ കുട്ടികളെ തട്ടിക്കൊണ്ടുപോയതടക്കം റഷ്യൻസേന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് വിധിച്ചു.