റോയിട്ടേഴ്‌സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചു; നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്സ് (മുൻപ് ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതായി റിപ്പോർട്ട്. നിയമപരമായ ആവശ്യം പരിഗണിച്ച് അക്കൗണ്ട് തടഞ്ഞുവെന്നാണ് എക്സ് പ്ലാറ്റ്‌ഫോമിൽ കാണിക്കുന്ന അറിയിപ്പിൽ പറയുന്നത്.

എന്നാൽ, റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് തടയാൻ കേന്ദ്രസർക്കാർ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന് സർക്കാർ വക്താവ് അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി എക്സുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മെയിൽ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ ഭാഗമായി റോയിട്ടേഴ്‌സിന്റെ എക്സ് അക്കൗണ്ട് ഉൾപ്പെടെ നൂറുകണക്കിന് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു. അന്ന് പല അക്കൗണ്ടുകളും ഇന്ത്യയിൽ ലഭ്യമല്ലാതായെങ്കിലും റോയിട്ടേഴ്‌സ് അക്കൗണ്ടിന് നിയന്ത്രണമുണ്ടായിരുന്നില്ല. ഈ വിഷയം ഇപ്പോൾ അപ്രസക്തമായതിനാൽ, ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് വിശദീകരിക്കാനും വിലക്ക് നീക്കാനും സർക്കാർ എക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.