ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് പോര്‍ച്ചുഗീസ് താരം ഡിയാഗോ ജോട്ടയുടെ മരണ വാര്‍ത്ത എത്തിയത്. സ്പെയിനിലുണ്ടായ കാറപകടത്തിലാണ് സഹോദരന് ആന്ദ്രേ സില്‍വയ്ക്കൊപ്പം 28 കാരനായ ഡിയാഗോ ജോട്ട കൊല്ലപ്പെട്ടത്.
സഹതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അമ്പരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ‘വിശ്വസിക്കാനാകുന്നില്ല, ഇപ്പോഴല്ലേ നമ്മളൊന്നിച്ച് ദേശീയ ടീമിനു വേണ്ടി കളിച്ചത്, ഇപ്പോഴല്ലേ നിന്റെ വിവാഹം കഴിഞ്ഞത്. നിന്റെ കുടുംബത്തിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു, നിന്റെ വേര്‍പാട് താങ്ങാനുള്ള കരുത്ത് അവര്‍ക്കുണ്ടാകട്ടെ.’
രണ്ടാഴ്ച മുമ്പായിരുന്നു കാമുകിയായിരുന്ന റൂട്ട് കാര്‍ഡോസോയുമായുള്ള ഡിയാഗോയുടെ വിവാഹം. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. സോഷ്യല്‍മീഡിയയില്‍ ഡിയാഗോ പങ്കുവെച്ച പോസ്റ്റും വിവാഹ ചിത്രങ്ങളായിരുന്നു. ജൂണ്‍ 22 നായിരുന്നു വിവാഹം. അതിനു മുമ്പുള്ള പോസ്റ്റുകളില്‍ യുവേഫ നേഷന്‍സ് ലീഗ് ഉയര്‍ത്തി നില്ക്കുന്ന ഡിയാഗോയെ കാണാം. 2019 ലും 2025 ലും യുവേഫ നേഷന്‍സ് ലീഗ് കിരീടമുയര്‍ത്തിയ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ ഡിയാഗോ ഉണ്ടായിരുന്നു.
1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് ഫുട്ബോള്‍ ലോകത്തേക്ക് എത്തുന്നത്. 2016 ല്‍ അത്ലറ്റിക്കോ മാഡ്രിഡിലും തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലുമെത്തി. 2020 ലാണ് ലിവര്‍പൂളില്‍ എത്തുന്നത്. ലിവര്‍പൂളിനു വേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 47 ഗോളുകള്‍ ഫോര്‍വേഡ് താരം നേടിയിരുന്നു.