കൈയില്‍നിന്ന് പിടിവിട്ടോടി; അമ്മയുടെ കണ്‍മുന്നില്‍ ആറുവയസ്സുകാരന്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു

പട്ടാമ്പി: അമ്മയുടെ കണ്‍മുന്നില്‍ ആറ് വയസ്സുകാരന്‍ സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു. ഓങ്ങല്ലൂര്‍ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടില്‍ കൃഷ്ണകുമാര്‍-ശ്രീദേവി ദമ്പതിമാരുടെ ഏക മകന്‍ ആരവ് ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയോടെ മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. വാടാനാംകുറിശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വാഹനത്തില്‍നിന്ന് വീടിനു മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര യുപി സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.

പരിക്കേറ്റ ആരവിനെ ഉടന്‍തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.