വടക്കന്‍ ഗസയില്‍ ഞായറാഴ്ച്ച പോരാളികള്‍ ഒരു ഇസ്റാഈലി സൈനികനെ കൂടി വധിച്ചു. 601ആം കോംബാറ്റ് എന്‍ജിനീയറിങ് ബറ്റാലിയനിലെ സെര്‍ജന്റ് ഇസ്രായേല്‍ നതാന്‍ റോസന്‍ഫീല്‍ഡ്(20) ആണ് കൊല്ലപ്പെട്ടത്.
ജബലിയയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പോരാളികള്‍ അധിനിവേശ സൈനികനെ കൊലപ്പെടുത്തിയത്. സൈനിക ഔട്ട്‌പോസ്റ്റ് നിര്‍മിക്കുന്നതിന് കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം. വടക്കന്‍ ഗസയില്‍ ബഫര്‍ സോണ്‍ നിര്‍മിക്കാനാണ് ഇസ്രായേല്‍ സൈന്യം ലക്ഷ്യമിടുന്നത്.
ജൂണ്‍ ആദ്യം മുതല്‍ ഹമാസ് ഉള്‍പ്പെടെയുള്ള പോരാളി സംഘടനകള്‍ ഇസ്രായേലിനെതിരേ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 29 ദിവസത്തിനിടെ 20 സൈനികരെയാണ് ചെറുത്തുനില്‍പ്പ് സംഘടനകള്‍ സംയുക്തമായി കൊലപ്പെടുത്തിയത്. ഇതോടെ 2023ന് ശേഷം കൊല്ലപ്പെട്ട ഇസ്റാഈലി സൈനികരുടെ എണ്ണം 880 ആയി.
അതേസമയം, ഞായറാഴ്ച്ച വടക്കന്‍ ഗസയിലുണ്ടായ ശക്തമായ ബോംബിങില്‍ 88 പേര്‍ കൊല്ലപ്പെടുകയും 365 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസാ സിറ്റിയില്‍ നിന്നും ജബലിയയില്‍ നിന്നും താമസക്കാര്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം.
