അബ്ദുറഹീം മോചനം: അപ്പീൽ നൽകിയില്ല, ഗവർണർക്ക് ദയാ ഹരജി നൽകുമെന്ന് നിയമ സഹായ സമിതി

0
238

റിയാദ്: സഊദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ നിയമ നടപടികൾ പുരോഗമിക്കുന്നതായി റിയാദ് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. കോടതി വിധിയിൽ അപ്പീൽ നൽകാനുള്ള ഒരു മാസത്തെ സമയ പരിധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. എന്നാൽ, അപ്പീൽ നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നിയമ സഹായ സമിതി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിക്കുകയായിരുന്നുവെന്നാണ് നിയമ സഹായ സമിതി അറിയിക്കുന്നത്. അപ്പീൽ നൽകിയാൽ കേസിന്റെ ദൈർഘ്യം കൂടുകയും ജയിൽമോചനം നീളുകയുമായിരിക്കും ഫലം. അതുകൊണ്ട് തന്നെ തന്റെ ഭാഗത്ത് നിന്ന് അപ്പീൽ കൊടുക്കരുതെന്നാണ് അബ്ദുറഹീം അഭിഭാഷകരെയും നിയമസഹായസമിതിയെയും അറിയിച്ചതെന്ന് ഇവർ പറഞ്ഞു.

നേരത്തെ അപ്പീൽ നൽകാനുള്ള നടപടി ക്രമങ്ങൾ അബ്ദുറഹീമിന്റെ അഭിഭാഷകരായ ഡോ: റെന അബ്ദുൽ അസീസ്, ഒസാമ അൽ അമ്പർ എന്നിവർ പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഇത് പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. അപ്പീൽ വേണ്ടെന്ന നിലപാടാണ് റഹീം സ്വീകരിച്ചത്. അപ്പീൽ നൽകുന്നത് കേസ് നീളാൻ ഇടയാക്കുമെന്നും ജയിൽമോചനം അനിശ്ചിതത്തിലാക്കുമെന്നുമുള്ള ആശങ്കയാണ് കാരണം. തന്റെ വിസമ്മതം റഹീം ഇന്ത്യൻ എംബസിയെയും നിയമ സഹായസമിതിയെയും അറിയിച്ചിരുന്നു. അതുകൊണ്ടാണ് പ്രതിഭാഗം അപ്പീൽ നൽകാതിരുന്നത്.

ഇതിനിടെ പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകിയ വിവരവും അബ്ദുറഹീമിനെ അറിയിച്ചിരുന്നു. കൊലപാതക ക്കേസിൽ വധ ശിക്ഷ മാസങ്ങൾക്കു മുന്നേ റദ്ധാക്കപ്പെട്ട കേസിൽ ഒരു മാസം മുൻപാണ് റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. കൃത്യമായി പറഞ്ഞാൽ 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവുണ്ടായത് കഴിഞ്ഞ മെയ് 26നായിരുന്നു. കേസിൽ 19 വര്ഷം പൂർത്തിയാക്കിയ ജയിൽ വാസവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് അബ്ദുറഹീമിന്റെ ജയിൽ മോചനം വേഗത്തിലാക്കി തരാൻ അടുത്ത ദിവസം റിയാദ് ഗവർണ്ണർക്ക് അപേക്ഷ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് നിയമ സഹായ സമിതി അറിയിച്ചു.

ഇനിയുള്ള നിയനിയമ നടപടികൾ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ നീക്കങ്ങൾ യഥാസമയം നടത്തുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അഭിഭാഷകരുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങൾ പൂർത്തിയാക്കുമെന്നും നിയമ സഹായസമിതി വാർത്താകുറിപ്പിൽ അറിയിച്ചു. അതിനിടെ, റഹീമിന് കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ കോടതിയിൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.