എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ തകരാർ, ഉള്ളിൽ ചൂട് കൂടി; എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

0
197

ന്യൂഡൽഹി: ടോക്കിയോയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ അടിയന്തരമായി നിലത്തിറക്കി. എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ തകരാർ വന്നതോടെ വിമാനത്തിനുള്ളിൽ ചൂട് കൂടിയതാണ് കാരണം.

എയർ ഇന്ത്യയുടെ ടോക്കിയോ- ഡൽഹി ബോയിംഗ് 787 വിമാനമാണ് കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കിയത്. ടോക്കിയോയിൽ നിന്ന് ഉച്ചയ്ക്ക് 12.31-ന് പുറപ്പെട്ട AI357 വിമാനം കൊൽക്കത്തയിൽ ഉച്ചയ്ക്ക് 3.33 നാണ് ലാൻഡ് ചെയ്തത്.

ജൂൺ 29-ന് ഹനേഡയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് സുരക്ഷിതമായി കൊൽക്കത്തയിൽ ലാൻഡ് ചെയ്തുവെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. നിലവിൽ പരിശോധനകൾ നടത്തിവരികയാണ്

അപ്രതീക്ഷിത ലാന്‍ഡിംഗ് മൂലമുണ്ടാകുന്ന പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് സഹായവുമായി കൊല്‍ക്കത്തയില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരുണ്ട്. യാത്രക്കാരെ എത്രയും വേഗം ഡല്‍ഹിയിലേക്ക് എത്തിക്കുന്നതിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ട്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.