നീക്കം ശക്തമാക്കി ഇറാൻ; ‘എല്ലാത്തിനും ഉത്തരവാദികള്‍ അമേരിക്കയും ഇസ്രയേലും’, നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎന്നിന് കത്ത്

0
196

ടെഹ്റാൻ: ഇറാനിൽ നടത്തിയ ആക്രമണങ്ങള്‍ തുടങ്ങി വെച്ചതിന്‍റെ ഉത്തരവാദിത്വം അമേരിക്കക്കും ഇസ്രയേലിനുമാണെന്ന് അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഇറാൻ. ഇറാനിൽ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമേരിക്കയും ഇസ്രയേലും നഷ്ടപരിഹാരം നൽകണമെന്നും യുഎൻ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ ഇറാൻ വ്യക്തമാക്കി.

ക്രിമിനൽ കുറ്റങ്ങള്‍ക്ക് നടപടി വേണമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗച്ചി യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

12 ദിവസത്തെ സംഘര്‍ഷത്തിൽ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ തകര്‍ച്ചയുണ്ടായെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗച്ചി വ്യക്തമാക്കിയത്. നാറ്റന്‍സ്, ഫോര്‍ദോ, ഇസ്ഫഹാൻ എന്നീ ഇറാനിലെ ആണവ കേന്ദ്രങ്ങളാണ് തകര്‍ത്തത്.

12 ദിവസത്തെ സംഘര്‍ഷത്തിൽ ഇറാനിൽ 606 പേര്‍ കൊല്ലപ്പെടുകയും 5332പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥരടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യുഎൻ സുരക്ഷാ കൗണ്‍സിൽ അംഗീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതോടൊപ്പം ഇറാനിലുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ളതിന്‍റെ ഉത്തരവാദിത്വം ഈ രണ്ടു രാജ്യങ്ങളും ഏറ്റെടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.