കൊച്ചി: പശ്ചിമേഷ്യയില്‍ സമാധാനം പുലര്‍ന്നതും അമേരിക്കയില്‍ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യതയും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഇടിക്കുന്നു. ഇന്നലെ സിംഗപ്പൂര്‍ വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 50 ഡോളര്‍ കുറഞ്ഞ് 3,270 ഡോളറിലെത്തി.
രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണ വില പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയിലെത്തി. ഗ്രാമിന്റെ വില 55 രൂപ ഇടിഞ്ഞ് 8,930 രൂപയിലെത്തി.
മള്‍ട്ടി കമ്മോഡിറ്റി എക്സ്‌ചേഞ്ചില്‍ ആഗസ്റ്റ് അവധി വില 1,561 രൂപ ഇടിവോടെ പത്ത് ഗ്രാമിന് 95,524 രൂപയായി. രണ്ടാഴ്ചയായി സ്വര്‍ണ വില തുടര്‍ച്ചയായി താഴേക്ക് നീങ്ങുകയാണ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കുറഞ്ഞതാണ് വിലയിടിവ് രൂക്ഷമാക്കുന്നത്. അമേരിക്കയും ചൈനയും വ്യാപാര കരാറിന് അന്തിമ രൂപം നല്‍കിയെന്ന വാര്‍ത്തകളും സ്വര്‍ണത്തിന് തിരിച്ചടിയായി.
നിക്ഷേപകര്‍ കാത്തിരിക്കുന്ന വാര്‍ത്തകള്‍അടുത്തയാഴ്ച പുറത്തുവരുന്ന അമേരിക്കയിലെ തൊഴില്‍ കണക്കുകളും സാമ്പത്തിക വളര്‍ച്ച സൂചികളും സ്വര്‍ണത്തിന്റെ തുടര്‍ന്നുള്ള നീക്കത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലമാകുന്നതിനാല്‍ ബദല്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പണമൊഴുകുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ പുലര്‍ത്തുന്നത്.
ഇതോടെ സ്വര്‍ണ വില തിരിച്ചുകയറാന്‍ ഇടയുണ്ട്. വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ച കാലാവധി ജൂലായ് ഒന്‍പതിന് അവസാനിക്കുകയാണ്. ഇതിനുള്ളില്‍ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും കാനഡയും അടക്കമുള്ള രാജ്യങ്ങളുമായി അമേരിക്ക വ്യാപാര കരാര്‍ ഒപ്പുവെക്കുമോയെന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
വില ഇനിയും കുറഞ്ഞേക്കുംപകരച്ചുങ്കം നടപ്പാക്കുന്നതില്‍ നിന്ന് അമേരിക്ക പിന്മാറിയാല്‍ സ്വര്‍ണ വില ഇനിയും താഴേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ജൂണ്‍ 14ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 74,560 രൂപയില്‍ നിന്ന് 3,120 രൂപയുടെ ഇടിവാണ് പവന് രണ്ടാഴ്ചയ്ക്കിടെയില്‍ ഉണ്ടായത്. 28 മാസത്തിനിടെ സ്വര്‍ണ വില ഇരട്ടിയിലധികം ഉയര്‍ന്നതിന് ശേഷമാണ് തുടര്‍ച്ചയായി താഴേക്ക് നീങ്ങുന്നത്.
