ലഹരിപാർട്ടിയിൽ ഏറ്റുമുട്ടൽ; പോലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകൾ തകർത്തു

0
232

തൃശ്ശൂർ: ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. തൃശ്ശൂർ നല്ലെങ്കരയിൽ ​ഗുണ്ടകൾ ഉൾപ്പെടെയുള്ള 12ഓളം പേർ വരുന്ന സംഘം ലഹരിപാർട്ടി നടത്തിയിരുന്നു. പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു ലഹരിപാർട്ടി. ലഹരിപാർട്ടി നടക്കുന്നതിനിടയിൽ ഇവർ പരസ്പരം ചേരിതിരി‍ഞ്ഞ് ഏറ്റുമുട്ടി. പ്രദേശവാസികൾ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് ഇവിടേയ്ക്ക് എത്തിച്ചേരുകയായിരുന്നു.

ലഹരിപാർട്ടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേർന്ന പൊലീസ് സംഘത്തിന് നേരെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകൾ സംഘം അടിച്ച് തകർത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്.