കൊച്ചിയിൽ അപകടത്തിൽപെട്ടത് നാലരക്കോടിയുടെ കാർ

0
288

കൊച്ചി: ട്രക്കിൽനിന്നു ഡീലർഷിപ്പിന്റെ യാഡിലേക്കു കാർ ഇറക്കുമ്പോഴുള്ള അപകടത്തിൽ ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തെത്തുടർന്ന്, വൈദഗ്ധ്യം വേണ്ട ഇത്തരം ജോലികൾക്കു ചുമട്ടുതൊഴിലാളികൾ മതിയോ എന്ന ചോദ്യമുയരുന്നു. മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറാണ് (36) ഞായറാഴ്ച ചുമട്ടുതൊഴിലാളി ഇറക്കിയ വണ്ടി നിയന്ത്രണം വിട്ട് ഇടിച്ചുമരിച്ചത്.

ലോറിയിൽനിന്നു കാറുകൾ ഇറക്കാനുള്ള അവകാശം തങ്ങൾക്കാണെന്നാണ് ഹെഡ്‌ലോഡ് തൊഴിലാളികളുടെ വാദം. വില കൂടിയ കാറുകൾക്ക് 4000 രൂപയും ചെറിയ കാറുകൾക്ക് 2000 രൂപയുമാണ് ഏകദേശ ഇറക്കുകൂലി. വിദഗ്ധ ഡ്രൈവർമാരെ നിയോഗിച്ചാൽപോലും നോക്കുകൂലി നൽകേണ്ടിവരും. 

കാറുകളുടെ ബാറ്ററിയും മറ്റും കണക്ട് ചെയ്തശേഷം ട്രാൻസ്പോർട്ട് കമ്പനിയുടെ ഡ്രൈവർ റാംപിട്ടു കൊടുക്കുകയാണു പതിവ്. ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുള്ള  ആഡംബര കാറുകളിൽ ബ്രേക്കുൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്തരം ഘട്ടങ്ങളിൽ പൂർണസജ്ജമായിക്കൊള്ളണമെന്നില്ല. റാംപിൽ പലയിടത്തും ചെറിയ ഹംപുകളുള്ളതിനാൽ കൂടുതൽ ആക്സിലറേറ്റ് ചെയ്യേണ്ടിവരുന്നതും അപകടകാരണമാകാം.

 കൈകാര്യം ചെയ്തു പരിചയമുള്ള ഡീലർഷിപ്പിലെ ടെക്നിഷ്യൻ തന്നെ ഇത്തരം കാറുകൾ ഇറക്കുന്നതാണ് സുരക്ഷിതം. കൊച്ചിയിൽ അപകടത്തിൽപെട്ടത് നാലരക്കോടിയുടെ കാറാണ്. 

ലോറിയിൽ കൊണ്ടുവരുന്ന വാഹനങ്ങൾ ഡീലർഷിപ്പിലേക്ക് എത്തിക്കാൻ ട്രേഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഡീലർഷിപ്പിലെ ജീവനക്കാരാണ് ഈ സമയത്തു വാഹനം ഓടിക്കേണ്ടതെങ്കിലും ഇതും തങ്ങളുടെ അവകാശമായി യൂണിയൻകാർ ഏറ്റെടുക്കുന്നു. ഇങ്ങനെ വണ്ടി കൊണ്ടുവരുമ്പോഴും അപകടമുണ്ടായിട്ടുണ്ട്. തൊഴിലാളികൾ വണ്ടിയിറക്കുന്നുവെങ്കിൽ അവർ അതിനുള്ള സാങ്കേതിക വൈദഗ്ധ്യം നേടിയിരിക്കണമെന്നാണ് ഡീലർമാരുടെ നിലപാട്.

കൊച്ചിയിൽ അപകടത്തിൽ തകർന്ന കാർ ഇനി നന്നാക്കിയാലും ബുക്ക് ചെയ്ത കസ്റ്റമർക്കു വേറെ കാർ നൽകേണ്ടിവരും. കേസും ഇൻഷുറൻസ് പ്രശ്നങ്ങളും തീരുന്നതുവരെ അഞ്ചു കോടിയോളം രൂപ തങ്ങളുടേതല്ലാത്ത കുറ്റത്തിനു ബാധ്യതയായി വരുന്ന സ്ഥിതിയാണെന്നും ഡീലർമാർ ചൂണ്ടിക്കാട്ടുന്നു.