ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. ഡോക്കിങ്ങിനെ സോഫ്റ്റ് ക്യാപ്ചർ പൂർത്തിയായി. നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു. ഡോക്കിങ് പ്രക്രീയ പൂർത്തിയായി. ഇരു പേടകങ്ങളിലെയും മർദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചർ നടക്കുകയാണ്.
ഇന്ത്യൻ സമയം രാത്രി 7.05ന് മാത്രമേ യാത്രികർ ഡ്രാഗൺ പേടകത്തിൽനിന്ന് നിലയത്തിലേക്കു പ്രവേശിക്കുകയുള്ളൂ. ഇന്ത്യൻ സമയം വൈകിട്ട് നാലോടെയാണ് പേടകത്തിന്റെ ഡോക്കിങ് ആരംഭിച്ചത് പേടകം ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിന്റെ ബഹിരാകാശത്തെ അഭിമുഖീകരിക്കുന്ന പോർട്ടിലേക്ക് ഡോക്ക് ചെയ്യുകയായിരുന്നു.
28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. 14 ദിവസമാണ് സംഘം നിലയത്തിൽ കഴിഞ്ഞ് പരീക്ഷണങ്ങൾ നടത്തുക. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ലയാണ്. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികർ. ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്പേസ്എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 കുതിച്ചുയർന്നതു യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയിൽ നിന്നായിരുന്നു. റോക്കറ്റിനു മുകളിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രാസംഘമുള്ളത്.
