എയര്‍ ഇന്ത്യ അപകടം: ബിജെ മെഡിക്കല്‍ കോളജിലേക്ക് ഷംഷീര്‍ വയലിന്റെ സഹായമെത്തി; 6 കോടിയുടെ പാക്കേജ് കൈമാറി

0
238

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ഡോ. ഷംഷീര്‍ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാംപസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്.

എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് വിപിഎസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീറിന്റേത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യന്‍ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള മാനവ് ഭാദു, ബാര്‍മറില്‍ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്‌നഗറില്‍ നിന്നുള്ള രാകേഷ് ഗോബര്‍ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്.

‘കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. ഞങ്ങളുടെ പ്രതീക്ഷ. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അവന് പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജന്‍ ആകണമെന്നായിരുന്നു ആഗ്രഹം. ഈ ദുരന്തം ഞങ്ങള്‍ക്ക് താങ്ങാനായില്ല. നാല് സഹോദരിമാരാണ് ഞങ്ങള്‍ക്ക്. അച്ഛന്‍ രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ മുഴുവനും ചിറകിലേറ്റിയത്. അതിനാല്‍ തന്നെ, ഈ സഹായവും ഞങ്ങള്‍ക്ക് വളരെ വലുതാണ്,’ അപകടത്തില്‍ മരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.

അപകടത്തില്‍ ഉറ്റവരെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും സഹായം നല്‍കി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപെട്ട ന്യൂറോ സര്‍ജറി റസിഡന്റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സര്‍ജിക്കല്‍ ഓങ്കോളജി റസിഡന്റ് ഡോ. നീല്‍കാന്ത് സുത്താര്‍, സഹോദരനെ നഷ്ടമായ ബിപിടി വിദ്യാര്‍ത്ഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്.

പൊള്ളല്‍, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന 14 പേര്‍ക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നല്‍കി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയര്‍ ഡോക്ടര്‍സ് അസോസിയേഷന്‍ നിര്‍ദേശിച്ചവര്‍ക്കാണ് ഇത് നല്‍കിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെല്‍വിന്‍ ഗമേറ്റി, ഡോ. പ്രഥം കോല്‍ച്ച, ഫാക്കല്‍റ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെന്‍, അവരുടെ 8 മാസം പ്രായമുള്ള മകന്‍ തുടങ്ങിയവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.