- ഖാംനഈ ആവശ്യപ്പെട്ടാൽ നാളെ വെടിനിർത്തലെന്ന് ഇസ്റാഈൽ
ടെഹ്റാൻ: ഇസ്റാഈലിനെതിരായ ആക്രമണത്തിൽ ഇറാൻ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4. നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാകും എന്നതാണ് സവിശേഷത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്.
1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടത്തിന് വേദിയായ ഇറാൻ നഗരത്തിന്റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ മിസൈൽ അറിയപ്പെടുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ ഖോറാംഷഹർ ഉപയോഗിച്ചത്.
യുഎസ് നടപടിക്ക് ശേഷം ഇറാൻ കുറഞ്ഞതു 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിന്‍റെ തീര–മധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്‍റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്നിരക്ഷാസേനകള്‍ നടത്തുകയാണെന്നാണു വിവരം.
ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിൽ അന്തിമ തീരുമാനമെന്നാണ് വിവരം. യുഎസും ഇസ്രയേലും ആയുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയത്.
പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടിയുടെ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനം റദ്ദാക്കി. കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, പിയൂഷ് ഗോയൽ എന്നിവരുമായാണ് ചർച്ച നടത്താനിരുന്നത്.
യുഎസ് ആക്രമണത്തിനു പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക് പുറപ്പെട്ടു. മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഖാംനഈ ആവശ്യപ്പെട്ടാൽ നാളെ വെടിനിർത്തലെന്ന് ഇസ്റാഈൽ
ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാൽ ഒരാഴ്ചക്കകം വെടിനിർത്തലിന് തയ്യാറെന്ന് ഇസ്റാഈൽ. ഒരാഴ്ചക്കകം ആക്രമണം അവസാനിപ്പിക്കാനും നീക്കമെന്ന് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്റാഈൽ മാധ്യമങ്ങളുടേതാണ് റിപ്പോർട്ട്.
നതാൻസിലെ ആണവകേന്ദ്രം ഇപ്പോൾ ഇല്ലെന്ന് ഇസ്റാഈൽ സൈന്യം. ഫോർദോയിലും ഇസ്ഫഹാനിലും കനത്ത നാശനഷ്ടമുണ്ടാക്കാനായി. ഇസ്രായേലിനെ ഇനിയും ആക്രമിക്കാനാണ് ശ്രമമെങ്കിൽ യുദ്ധം നീളം. യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചാൽ അവർ തന്നെ തിരിച്ചടിക്കുമെന്നും ഇസ്റാഈൽ സൈനിക വക്താവ് പറഞ്ഞു.
അതേസമയം ഇറാന്റെ ആണവപദ്ധതി ഇല്ലാതാക്കുന്നതിൽ നിന്ന് ഇപ്പോഴും അകലെയാണെന്ന് ഇസ്റാഈൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്താനായെന്നും ഇസ്റാഈലിന്റെ വിലയിരുത്തൽ. ഇറാന്റെ ആണവ പദ്ധതി 10 വർഷം പിന്നിലാക്കാൻ കഴിഞ്ഞെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
